
രാജ്യത്ത് അതിവ്യാപന വൈറസ് ബാധ 82 പേർക്ക്; ജാഗ്രതയിൽ രാജ്യം
രാജ്യത്ത് 82 പേർക്ക് ജനിതക മാറ്റം സംഭവിച്ച യു.കെയിലെ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ജനുവരി ആറുവരെ 73 പേർക്ക് അതിവ്യാപന വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച എല്ലാവരെയും പ്രത്യേക മുറിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായും സംസ്ഥാന സർക്കാറുകളുടെ േനതൃത്വത്തിൽ ആരോഗ്യ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ കൂടെ യാത്ര ചെയ്തവരെയും അവരുടെ ബന്ധുക്കളെയും കണ്ടെത്തുന്നതിന് വ്യാപക പരിശോധന ആരംഭിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബ്രിട്ടനിൽ പടർന്നുപിടിച്ച ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ നിരവധി രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയെ കൂടാതെ ഡെൻമാർക്ക്, നെതർലൻഡ്സ്, ആസ്ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ജർമനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. അതിവ്യാപന ശേഷിയുള്ളതായാണ് ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് എന്നാണ് കണ്ടെത്തൽ.