
യു.കെയിൽ നിന്നെത്തുന്നവരുടെ ക്വാറന്റീൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തിൽ യു.കെയിൽ നിന്നെത്തുന്നവരുടെ ക്വാറന്റീൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി സർക്കാർ. ഇവരെ കർശനമായ ക്വാറന്റീൻ നടപടികൾക്ക് വിധേയരാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാൾ അറിയിച്ചു.
യു.കെയിൽ നിന്ന് ഡൽഹിയിലെത്തുന്ന യാത്രക്കാർ ഏഴു ദിവസം സർക്കാർ ക്വാറന്റീനിൽ കഴിയണം. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായാലും സർക്കാർ ക്വാറന്റൈനിൽ കഴിയണം. തുടർന്നു ഏഴു ദിവസം ഹോം ഐസോലേഷനിലും കഴിയണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തു.
അതിതീവ്ര കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഇന്ത്യ-യുകെ വിമാന സർവീസ് രണ്ടാഴ്ചക്ക് ശേഷം ഇന്ന് ഭാഗികമായി പുനഃരാരംഭിച്ചിരുന്നു. ലണ്ടനിൽ നിന്ന് 246 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഇന്ന് രാവിലെ ഡൽഹിയിൽ എത്തി.
ഈ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനകം ആർ.ടി പി.സി.ആർ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധനയുണ്ട്. ജനുവരി 23 വരെ ആഴ്ചയിൽ 23 വിമാനങ്ങളേ അനുവദിക്കൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതേസമയം, ഡൽഹിയിൽ നാലു പേർക്കുകൂടി പുതിയ വകഭേദത്തിൽപ്പെട്ട കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 13 പേർക്കാണ് ഡൽഹിയിൽ പുതിയ തരം വൈറസ് ബാധിച്ചിരിക്കുന്നത്.