
വനപാലകർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും നൽകണം: സുപ്രീം കോടതി
സംഘടിതവും ശക്തരുമായ മൃഗവേട്ടക്കാരെ നേരിടാന്‍ രാജ്യത്തെ ഫോറസ്റ്റ് ഗാര്‍ഡുകള്‍ക്ക് ആയുധങ്ങളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും നല്‍കണമെന്നു സുപ്രീം കോടതി. വന്‍തോതിലുള്ള ആയുധങ്ങളുമായി മൃഗവേട്ടയ്ക്കിറങ്ങുന്നവരുടെ മുമ്ബില്‍ ചെറുത്തുനില്ക്കാന് ആയുധമില്ലാത്ത ഗാര്‍ഡുകള്‍ക്ക് എങ്ങനെ സാധിക്കുമെന്നും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ഇക്കാര്യത്തില്‍ എന്തു ചെയ്യാനാകുമെന്നത് സംബന്ധിച്ച നയരേഖ തയാറാക്കി നല്കാന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടു കോടതി നിര്‍ദേശിച്ചു. രാജസ്ഥാനിലെ മൃഗവേട്ടയുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍.
കാട്ടില്‍ ജോലി ചെയ്യുന്ന ഫോറസ്റ്റ് ഗാര്‍ഡും നഗരത്തില്‍ ജോലി ചെയ്യുന്ന പോലീസ് ഗാര്‍ഡും തമ്മില്‍ ജോലിയുടെ കാര്യത്തില്‍ തന്നെ വലിയ വ്യത്യാസമുണ്ട്. നഗരത്തില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന് ഒരു ആവശ്യം വന്നാല്‍ പലരുടെയും സഹായം തേടാന്‍ കഴിയും. എന്നാല്‍, കാട്ടിലെ ഫോറസ്റ്റ് ഗാര്‍ഡിനു ആ സൗകര്യമില്ലെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സംഘങ്ങള്‍ക്കു പോലും മൃഗവേട്ടയില്‍ പങ്കുണ്ട്. കോടി കണക്കിനു ഡോളറുകളിലാണ് ഈ അനധികൃത വ്യവസായം പടര്‍ന്നു കിടക്കുന്നത്. ഇത്തരം വ്യവസായങ്ങള്‍ തടയാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ പ്രത്യേക സെല്‍ ആരംഭിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു.