
കുവൈത്തിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്താൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി
കുവൈത്തിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്താൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ്. രാജ്യത്തെ വിദേശികളും സ്വദേശികളും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും അനാവശ്യ ഒത്തുചേരലുകൾ, യാത്ര എന്നിവ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു
ഒമാൻ, യു.എ.ഇ അടക്കം അറബ് രാജ്യങ്ങളിൽ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് കുവൈത്തിലും പുതിയ വൈറസ് സ്ഥിരീകരണത്തിന് സാധ്യതയുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാൻ ആരോഗ്യ മന്ത്രാലയം തയാറെടുക്കുകയാണെന്നും മന്ത്രി വ്യക്തമാക്കിയത്. കോവിഡ് 19നുമായി താരതമ്യം ചെയ്യുമ്പോൾ ജനിതക മാറ്റം സംഭവിച്ച വൈറസിന് വ്യാപന ശേഷി കൂടുതലാണ്.
വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽനിന്ന് വിമാന സർവീസ് വിലക്കിയും വിമാനത്താവളത്തിൽ എല്ലാവർക്കും പി.സി.ആർ പരിശോധന സൗജന്യമായി നടത്തിയും കുവൈത്ത് ഭരണകൂടം സാധ്യമായ എല്ലാ പ്രതിരോധ നടപടികളും. സ്വീകരിച്ചിട്ടുണ്ട്. എന്നാലും ഏതെങ്കിലും വഴി പുതിയ വൈറസ് രാജ്യത്ത് എത്താനുള്ള സാധ്യത ആണ് ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടിയത് . കുവൈത്തിൽ രണ്ടാം ബാച്ച് കോവിഡ് പ്രതിരോധ മരുന്ന് ഈ ആഴ്ച എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു.