
ട്രംപ് രാജിവെയ്ക്കണമെന്ന് റിപ്പബ്ലിക്കന്മാര്; ഇംപീച്ച്മെന്റ് പ്രമേയത്തെ പിന്തുണക്കുമെന്ന് ഒരുവിഭാഗം
അധികാരമൊഴിയാൻ വെറും 9 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ അദ്ദേഹത്തിൻറെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പച്ചക്കൊടി. ഇന്ന് പ്രതിനിധി സഭയിൽ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് അതിനെ അനുകൂലിക്കുന്ന പ്രസ്താവനകളുമായി ചില റിപ്പബ്ലിക്കൻ പാർലമെൻറ് അംഗങ്ങൾ രംഗത്തുവന്നത്.
സെനറ്റിലെ റിപ്പബ്ലിക്കൻ അംഗമായ ലിസ, ട്രംപിന്റെ രാജി പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു. ട്രംപിന്റെ ജീവനക്കാരുടെ തലവനായ ജോൺ കെല്ലി, റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിനിധി സഭാംഗമായ ആഡം കിൻസിങ്ങർ തുടങ്ങിയവരും പരസ്യമായിതന്നെ രംഗത്ത് വന്നുകഴിഞ്ഞു. ഈ സാഹചര്യത്തിൽ, ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സഭയിൽ പ്രമേയത്തിനനുകൂലമായി നിരവധി റിപ്പബ്ലിക്കൻ വോട്ടുകളും ലഭിക്കുമെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
വാഷിംഗ്ടണിലെ അക്രമങ്ങൾക്ക് പ്രചോദനം നൽകി എന്നതിന്റെ പേരിലാണ് അമേരിക്കൻ പ്രതിനിധി സഭയിൽ ഡോണാൾഡ് ട്രംപിനെതിരെ ഇന്ന് ഇംപീച്ച്മെന്റിനുള്ള പ്രമേയം അവതരിപ്പിക്കുന്നത്. നേരെത്തെ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി അനുമതി നൽകിയിരുന്നു. ഇംപീച്ച്മെന്റിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കുറ്റക്കാരനാണ് എന്നാണ് കണ്ടെത്തുന്നത് എങ്കിൽ അദ്ദേഹത്തിന് ഇനിയുള്ള തെരെഞെടുപ്പുക്ളിൽ മത്സരിക്കുന്നതിന് വിലക്കുവരുമെന്നാണ് കരുതുന്നത്. അതോടൊപ്പം മുൻ യു എസ് പ്രസിഡന്റ് എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നും നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിനു മുൻപിൽ അമേരിക്കയുടെ അന്തസ്സ് കെടുത്തി എന്ന കുറ്റപ്പെടുത്തലാണ് അമേരിക്കൻ പൌരന്മാരിൽ നിന്ന് സ്ഥാനമൊഴിയുന്ന പ്രസിഡൻറ് നേരിടുന്നത്. വാഷിംങ്ടണിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമായതിനെ തുടർന്നാണ് ക്യാപ്പിറ്റോൾ ഹാളിനുള്ളിലേക്ക് പ്രതിഷേധക്കാർ തള്ളിക്കടന്നത്. പൊലീസുമായി ശക്തമായ ഏറ്റുമുട്ടലാണ് ഉണ്ടായത്. പ്രതിഷേധത്തെ തുടർന്നുണ്ടായ അക്രമങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി.
വാഷിംഗ്ടണിൽ പ്രതിഷേധമല്ല കലാപമാണ് നടന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ പേരിൽ ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ്യമാധ്യമങ്ങൾ ഡോണാൾഡ് ട്രംപിൻറെ എക്കൌണ്ടുകൾ മരവിപ്പിക്കുകയും അദ്ദേഹത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. ഈ മാസം 20 നാണ് ട്രംപ് ഔദ്യോഗികമായി അധികാരക്കൈമാറ്റം നടത്തേണ്ടത്.