
കോവാക്സിന് അനുമതി നല്‍കില്ലെന്ന് ഛത്തീസ്ഗഢ്
കോവാക്സിന്റെ വിതരണത്തിന് അനുമതി നല്‍കില്ലെന്ന് ഛത്തീസ്ഗഢ് സര്‍ക്കാർ. മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കാത്തതിനാൽ കോവാക്സിൻ വിതരണം ചെയ്യുന്നത് സുരക്ഷിതമല്ലെന്നാണ് ഛത്തീസ്ഗഢ് സംസ്ഥാന സർക്കാരിന്റെ വാദം. ഛത്തീസ്ഗഢിനു പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ കോവാക്സിനെതിരെ രംഗത്തുവരാനും സാധ്യതയുണ്ട്.
കോവിഷീൽഡ് കോവിഡ് വാക്സിനൊപ്പം കേന്ദ്ര സർക്കാർ അടിയന്തര അനുമതി നൽകിയ വാക്സിനാണ് കോവാക്സിൻ. ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കിയിട്ടില്ല. അതിനാൽ നിലവിൽ കോവാക്സിൻ ഉപയോഗിക്കാനാവില്ല എന്നാണ് ഛത്തീസ്ഗഢ് സർക്കാരിന്റെ നിലപാട്. ഭോപ്പാലില്‍ കോവാക്സിന് സ്വീകരിച്ച ആരോഗ്യപ്രവര്ത്തകന് മരിച്ച സംഭവവും ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ്. സിങ് ദിയോ ചൂണ്ടിക്കാട്ടി. മരണത്തിന് വാക്സിന് സ്വീകരിച്ചതുമായി ബന്ധമില്ലെന്നും ഹൃദയ തകരാറാണ് കാരണമെന്നും ഭാരത് ബയോടെക് അറിയിച്ചിരുന്നു.
കോവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം വൈകുകയാണ്. ഇത് പൂർത്തിയാക്കാതെ എന്തിനാണ് അനുമതി നല്കാൻ ധൃതി കൂട്ടുന്നതെന്ന് എസ്. സിങ് ദിയോ ചോദിച്ചു. കോവാക്സിന് വിദഗ്ധ സമിതി അടിയന്തര അനുമതി ശിപാർശ ചെയ്തതിന് പിന്നിൽ ബാഹ്യസമ്മർദമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഛത്തീസ്ഗഢിന് പിന്നാലെ മറ്റു സംസ്ഥാനങ്ങളും കോവാക്സിൻ വിതരണത്തിനെതിരെ രംഗത്തുവരാൻ സാധ്യതയുണ്ട്.