
രാഷ്ട്രീയ പ്രവേശം: തീരുമാനം മാറ്റാന്‍ അഭ്യര്‍ത്ഥിച്ച് തന്നെ വേദനപ്പിക്കരുതെന്ന് രജനീകാന്ത്
രാഷ്ട്രീയത്തിലേക്കില്ലെന്ന തന്റെ തീരുമാനം മാറ്റാന്‍ അഭ്യര്‍ത്ഥിച്ച് നിരന്തരം തന്നെ വേദനിപ്പിക്കരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച് നടന് രജനീകാന്ത്. എഴുപതുകാരനായ രജനീകാന്ത് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുളള തീരുമാനം പ്രഖ്യാപിച്ചതിനുപിന്നാലെ ആരാധകര്‍ ഇന്നലെ ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിക്കുമുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകരോട് തന്നെ നിര്‍ബന്ധിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി താരം രംഗത്തെത്തിയത്. താന്‍ രാഷ്ട്രീയപ്രവേശനം നടത്താത്തതിന്റെ കാരണങ്ങള്‍ വിശദമായി പറഞ്ഞിരുന്നതാണ്, രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണമെന്നാവശ്യപ്പെട്ട് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് വളരെയധികം വേദനാജനകമാണെന്ന് രജനീകാന്ത് പറഞ്ഞു.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നില്ലെന്ന രജനീകാന്തിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി ആയിരക്കണക്കിന് ആരാധകരാണ്കഴിഞ്ഞ ദിവസംചെന്നെയിലെ വളളുവര്‍ കോട്ടത്തിലുളള വസതിക്കുമുന്നില്‍ തടിച്ചുകൂടിയത്. ഡിസംബര്‍ അവസാനം തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാവുമെന്ന് രജനീകാന്ത് മുന്‍പ് പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ അമിത രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു.
താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ പ്രചാരണത്തിനിടയില്‍ ആയിരക്കണക്കിന് ആളുകളെ കാണേണ്ടതായി വരും. 120 പേര് മാത്രമായി കര്‍ശനമായ നിയന്ത്രണങ്ങളോടുകൂടി സിനിമാചിത്രീകരണം നടത്തുന്നതിനിടയില്‍പോലും സഹപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചു. താന്‍ മൂന്നുദിവസം ആശുപത്രിയില്‍ കഴിയുകയും ചെയ്തു.രോഗത്തിന് വാക്സിന് കണ്ടുപിടിച്ചാലും തനിക്ക് അസുഖം ബാധിച്ചാല്‍ ഈ യാത്രയില്‍ തന്നോടൊപ്പമുളളവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാവും അതിനാല്‍ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് രജനീകാന്ത് പറഞ്ഞു. താന്‍ നല്കിയ വാഗ്ദാനം പാലിക്കാനാവാത്തതില്‍ അദ്ദേഹം ആരാധകരോട് മാപ്പുചോദിച്ചിരുന്നു.