
കടയ്ക്കാവൂർ പോക്സോ കേസ്; അമ്മയുടെ ജാമ്യാപേക്ഷ കോടതി തളളി
കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മയുടെ ജാമ്യാപേക്ഷ കോടതി തളളി. തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. അമ്മയിൽ നിന്ന് ലൈംഗികപീഡനമുണ്ടായെന്ന പരാതിയിൽ കുട്ടി ഉറച്ചു നിൽക്കുന്നതായി ബാലക്ഷേമസമിതി പൊലീസിന് നൽകിയ റിപ്പോർട്ട് പുറത്തുവന്നിരുന്നു. അമ്മക്കെതിരെയുളളത് കളള പരാതിയാണോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഐ ജി ഹർഷിത അട്ടല്ലൂരി കടയ്ക്കാവൂർ എസ് ഐയെ വിളിച്ചുവരുത്തി.14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വക്കം സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിൽ ഇരയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ ഇത് കളളക്കേസ് ആണെന്നും കുട്ടിയുടെ പിതാവിന് മറ്റൊരു വിവാഹം കഴിക്കാൻ കുട്ടിയെ കരുവാക്കി അമ്മയ്ക്കെതിരെ പരാതി കൊടുക്കുകയായിരുന്നുവെന്നും ആരോപിച്ച് യുവതിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു.ഇരയായ കുട്ടിയുടെ ഇളയസഹോദരനും അമ്മയ്ക്ക് അനുകൂലമായി മൊഴി നൽകിയിരുന്നു. എന്നാൽ ഇരയായ കുട്ടിയും കുട്ടിയുടെ മൂത്ത സഹോദരനും അമ്മയ്ക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുകയാണ്. സംഭവത്തിൽ യുവതിയുടെ കുടുംബം ഇന്ന് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകുന്നുണ്ട്.