
കാപിറ്റോൾ കലാപം: വംശീയവാദി നേതാവ് പിടിയിൽ
കാപിറ്റൽ ഹിൽ കലാപത്തിലെ പ്രധാനിയായ വംശീയവാദി നേതാവ് ജേക്ക് ഏൻജലി പിടിയിൽ. സ്പീക്കറുടെ പ്രസംഗ പീഠം എടുത്തുമാറ്റിയ അക്രമിയും അറസ്റ്റിലായതായാണ് വിവരം.
കൊമ്പുള്ള തൊപ്പി തലയിൽ വെച്ച് നീണ്ട കുന്തവും അതിൽ അമേരിക്കൻ പതാകയുമേന്തി എത്തിയ ജേക്ക് ഏൻജലി കാപിറ്റൽ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറിയവരിൽ പ്രധാനിയാണ്.
ക്യുഅനോൺ ഷാമൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാളുടെ മുഴുവൻ പേര് ജേക്കബ് ആൻറണി ചാൻസ്ലി എന്നാണ്. ഇയാൾ കസ്റ്റഡിയിലായെന്ന് ജസ്റ്റിസ് ഡിപാർട്മെൻറ് അറിയിച്ചു. നേരത്തെയും വിവിധ ട്രംപ് അനുകൂല പരിപാടികളിൽ ഇയാൾ പങ്കെടുത്തിരുന്നു.
നിയുക്ത പ്രസിഡൻറ് ജോ ബൈഡൻറെ വിജയം അംഗീകരിക്കാൻ ചേർന്ന ഇരുസഭകളുടെയും സംയുക്ത യോഗത്തിലേക്ക് ആയിരക്കണക്കിന് സായുധ അക്രമികൾ സുരക്ഷാ സംഘത്തെ മറികടന്ന് ഇരച്ചുകയറുകയായിരുന്നു. കാപിറ്റൽ ഹിൽ കലാപത്തിൽ ഇന്ത്യൻ ദേശീയ പതാകയുമായി പങ്കെടുത്ത അമേരിക്കൻ മലയാളിക്കെതിരെ കഴിഞ്ഞ ദിവസം ഡൽഹിയിൽ കേസെടുത്തിരുന്നു. രണ്ട് അഭിഭാഷകരുടെ പരാതിയിലാണ് കേസ്.