
ലൈഫിൽ സി ബി ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
ലൈഫ് മിഷൻ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സർക്കാരിന്റെയും യൂണിടാക്കിന്റെയും ഹർജി ഹൈക്കോടതി തളളി. സി ബി ഐക്ക് സർക്കാരിനെതിരെ അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. പദ്ധതിയുടെ നടപടിക്രമങ്ങളിൽ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി നടപടി. കേസിൽ കക്ഷി ചേരാനുളള സർക്കാരിന്റെ ഹർജിയും കോടതി തളളി.ലൈഫ് മിഷനിൽ സി ബി ഐ നേരത്തേ കേസെടുക്കുകയും ഇതുമായി ബന്ധപ്പെട്ട അന്വേഷണവുമായി മുന്നോട്ടുപോവുകയുമായിരുന്നു. എന്നാൽ ഇത് റദ്ദാക്കണം എന്നാവശ്യപ്പെട്ട് യുണീടാക്കും സർക്കാരും കോടതിയെ സമീപിച്ചു. ഇതേതുടർന്ന് സി ബി ഐ അന്വേഷണം ഹൈക്കോടതി രണ്ടുമാസത്തേക്ക് നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്നാൽ, സി ബി ഐയുടെ വാദങ്ങൾ അംഗീകരിച്ചാണ് ഇന്നത്തെ ഉത്തരവ്.ലൈഫ് പദ്ധതിയിൽ എഫ് സി ആർ എ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. എന്നാൽ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് അന്വേഷണമെന്നായിരുന്നു സി ബി ഐ വാദം. സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിനുളള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സി ബി ഐ കോടതിയെ ബോദ്ധ്യപ്പെടുത്തി.