
കിം ജോങ്ങ് ഉന്‍ കൊറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി
വടക്കൻ കൊറിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായ വർക്കേഴ്സ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ഭരണാധികാരി കൂടിയായ കിം ജോങ്ങ് ഉൻ തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ 8-ാം പാർട്ടി കോൺഗ്രസ്സാണ് കിം ജോങ്ങ് ഉന്നിനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതാദ്യമായാണ് അദ്ദേഹം പാർട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് എത്തുന്നത്. നിലവിൽ വർക്കേഴ്സ് പാർട്ടിയുടെ ചെയർമാനാണ് കിം ജോങ്ങ് ഉൻ. 7-ാം പാർട്ടി കോൺഗ്രസ്സാണ് അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറിയുടെയും 19 അംഗ പോളിറ്റ് ബ്യോറോ അംഗങ്ങളുടെയും തെരഞ്ഞെടുപ്പോടെ പാർട്ടി കോൺഗ്രസ് സമാപിച്ചു. പ്രത്യേക ക്ഷണിതാക്കളായി 11 നേതാക്കന്മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. അഞ്ചുവർഷം കൂടുമ്പോൾ ചേരുന്ന പാർട്ടി കോൺഗ്രസ് ആണ് വടക്കൻ കൊറിയയുടെ അടുത്ത അഞ്ചുവർഷത്തെ എല്ലാവിധത്തിലുമുള്ള പ്രവർത്തന പദ്ധതികൾക്കും രൂപം നൽകുക.
കഴിഞ്ഞ പഞ്ചവത്സര പദ്ധതിക്കാലയളവിൽ രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലുണ്ടായ പിന്നോട്ടടിയും കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയും ഭരണ തലത്തിലെ നായ വൈകല്യങ്ങളും തിരുത്തൽ പ്രകൃയയും പാർട്ടി കോൺഗ്രസ് വിശദമായ ചർച്ചക്ക് വിധേയമാക്കിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പാർട്ടി കോൺഗ്രസ്സിന്റെ ഉദ്ഘാടന വേളയിൽ തന്നെ ഭരണ തലത്തിൽ സംഭവിച്ച പാകപ്പിഴകളും ഭരണ പരാജയങ്ങളും കിം ജോങ്ങ് ഉൻ ഏറ്റുപറഞ്ഞിരുന്നു.അനുഭവങ്ങളിൽ നിന്നും പിഴവുകളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് ആഴത്തിലുള്ള പരിശോധനകളും വിശകലനങ്ങളും നടക്കേണ്ടതുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് പാർട്ടി കോൺഗ്രസ്സിന്റെ ഉദ്ഘാടൻ വേളയിൽ അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
കഴിഞ്ഞ 9 വർഷമായി വടക്കൻ കൊറിയയുടെ ഭരണം കയ്യാളുന്ന കിം ജോങ്ങ് ഉന്നിന്റെ കൈകളിലേക്കാണ് ഇപ്പോൾ പാർട്ടിയുടെ ഉന്നതപദവിയും എത്തിച്ചേർന്നിരിക്കുന്നത്. കിം ജോങ്ങ് ഉന്നിന്റെ മുത്തച്ഛനും വിപ്ലവ പാർട്ടിയുടെ നേതാവും ആദ്യ ഭരണാധികാരിയുമായ കിം ഇൽ സുങ്ങ് ആണ് വർക്കേഴ്സ് പാർട്ടിയുടെ ആദ്യ പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിൻറെ നിര്യാണത്തിനു മുൻപ് അഞ്ചു പാർട്ടി കോൺഗ്രസ്സുകളാണ് നടന്നത്. 1994 ൽ കിം ഇൽ സുങ്ങിൻറെ മകനും ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ്ങ് ഉന്നിന്റെ പിതാവുമായ കിം ജോങ്ങ് ഇല്ലിന്റെ കാലയളവിൽ അദ്ദേഹം ഒരൊറ്റ പാർട്ടി കോൺഗ്രസ്സിൽ പോലും പങ്കെടുത്തിട്ടില്ല.