
ഓൺലൈൻ കാമുകിക്ക് ജന്മദിനം ആശംസിക്കാനെത്തിയ കാമുകൻ പോലീസ് പിടിയിൽ
ഓൺലൈനിലൂടെ പരിചയപ്പെട്ട പെൺകുട്ടിയ്ക്ക് ജന്മദിനാശംസ നൽകാൻ സമ്മാനങ്ങളുമായി 2000 കിലോമീറ്റർ സഞ്ചരിച്ചെത്തിയ ഇരുപത്തിയൊന്ന് കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരിയിലെ കാമുകിയെ കാണുന്നതിനാണ് ബംഗളൂരുവിൽ ജോലി ചെയ്യുന്ന സൽമാൻ എന്ന യുവാവ് യാത്ര ചെയ്ത് എത്തിയത്. എന്നാൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാണാൻ യുവാവ് എത്തിയതോടെ വീട്ടുകാർ ബഹളം വയ്ക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.ബെംഗളൂരുവിൽ നിന്ന് പെൺകുട്ടിയുടെ വീട്ടിലേക്ക് വിമാനത്തിലും ബസിലും സഞ്ചരിച്ചാണ് യുവാവ് എത്തിയത്. കാമുകിക്കായി ടെഡി ബിയറും മിഠായികളും കരുതുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ഇയാളെ തടയുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് ഒരു രാത്രിമുഴുവൻ സ്റ്റേഷനിൽ കഴിച്ചുകൂട്ടേണ്ടി വന്നു. ഇയാളെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതായി കോട്വാലി പോലീസ് അറിയിച്ചു. പിന്നീട് സ്വയം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.ഉത്തർ പ്രദേശിലെ ഡിയോറിയ ജില്ലയിൽ ജനിച്ച സൽമാൻ ജോലി ചെയ്യുന്നത് ബംഗളൂരുവിലാണ്. ഓൺലൈനിലൂടെയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയമായി മാറുകയായിരുന്നു.