
വമ്പൻ പ്രകടന പത്രികയുമായി യുഡിഎഫ്
അധികാരത്തിലെത്തിയാൽ രാഹുൽഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്നും തൊഴിലുറപ്പ് വേതനം ഉയർത്തുമെന്നും വാഗ്ദാനങ്ങളുമായി യു.ഡി.എഫ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മുന്നണി തയ്യാറാക്കിയ ജനകീയ മാനിഫെസ്റ്റോയാണ് ഈ വാഗ്ദാനങ്ങളുളളത്. ‘മോർ ഗവണ്മെന്റ്’ എന്ന ആശയം യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.നാട്ടിലെ തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് കാർഷിക,വ്യവസായിക, സർവീസ് മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ എത്തിക്കുന്നത് വഴി തൊഴിൽ ലഭിക്കും. അതിനായാണ് ‘മോർ ഇൻവെസ്റ്റ്മെന്റ്’ എന്ന ആശയം. മത്സ്യ മേഖലയിലെയും ചെറുകിട വ്യവസായ മേഖലയിലെയും തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കാൻ ‘മോർ എംപ്ളോയ്മെന്റ്’ എന്ന ആശയം കൂടാതെ ‘കാരുണ്യ’ പദ്ധതിയിലൂടെ അവശത അനുഭവിക്കുന്നവർക്ക് കൂടുതൽ സഹായം എത്തിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരുമ, കരുതൽ, വികസനം എന്നിവയ്ക്ക് മുൻഗണന നൽകുമെന്നും ചെന്നിത്തല പറഞ്ഞു.രാഹുൽ ഗാന്ധി പ്രഖ്യാപിച്ച മിനിമം ഇൻകം ഗ്യാരണ്ടി സ്കീം പദ്ധതിയായ ‘ന്യായ്’ വഴി പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ ലഭ്യമാക്കും. വർഷത്തിൽ 72,000 രൂപ. ഈ പദ്ധതി ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമാകും കേരളം. സൗജന്യ ചികിത്സ നൽകുന്ന ആശുപത്രികൾക്ക് ‘ബില്ല് രഹിത ആശുപത്രി’, സർക്കാർ സഹായം ആവശ്യമായ വിദ്യാർത്ഥി, വയോധികർ, തൊഴിൽരഹിതർ എന്നിവർക്ക് പ്രത്യേക പദ്ധതി തയ്യാറാക്കും. കർഷകർക്ക് വേണ്ടി സമഗ്ര പദ്ധതി തയ്യാറാക്കും.തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും തൊഴിൽദിനങ്ങളും വർദ്ധിപ്പിക്കും. കൂടുതൽ നിർദ്ദേശങ്ങൾക്കായി ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ആരായുമെന്നും ശശി തരൂർ എം.പിയ്ക്കാകും ഇക്കാര്യത്തിൽ പ്രധാന പങ്കെന്നും ഐശ്വര്യകേരളത്തിനുളള മാനിഫെസ്റ്റോയാണിതെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.