
ശസ്ത്രക്രിയക്കായി വാങ്ങിയ മയക്കുമരുന്ന് ആശുപത്രി ജീവനക്കാരി ഭർത്താവിനെ കൊണ്ട് മറിച്ചുവിറ്റു
ശസ്ത്രക്രിയക്കായി രോഗിയുടെ ബന്ധുവിനെക്കൊണ്ട് വാങ്ങിയ മരുന്ന് ആശുപത്രി ജീവനക്കാരി മറിച്ചുവിറ്റുവെന്ന് ആരോപണം. ഓപ്പറേഷന് മുമ്പ് മയക്കുന്നതിനായി രോഗിക്ക് കുത്തിവയ്ക്കാനുള്ള 3,000 രൂപയുടെ മരുന്നാണ് മറിച്ചുവിറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.ആശുപത്രി സൂപ്രണ്ടിന് രോഗിയുടെ ബന്ധുക്കൾ നല്കിയ പരാതിയെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ തിയേറ്ററിലെമുഴുവൻ ജീവനക്കാരെയും തിരിച്ചറിയൽ പരേഡിന് വിധേയമാക്കി. ആരോപണ വിധേയയായ ജീവനക്കാരിയെ രോഗിയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇതോടെ വനിതാ ജീവനക്കാരിക്കെതിരെ നടപടിയുണ്ടാവുമെന്ന് വ്യക്തമായി. ആശുപത്രി അധികൃതർ വിശദമായ പരിശോധന ആരംഭിച്ചു. മരുന്ന് നല്കിയ കടയിലെത്തി ആശുപത്രി അധികൃതർ അന്വേഷിക്കുകയും സി.സി ടി.വി പരിശോധിക്കുകയും ചെയ്തു. തിയേറ്ററിലേക്ക് വാങ്ങിയ മരുന്ന് തിരികെ കൊണ്ടു വന്നത് ജീവനക്കാരിയുടെ ഭർത്താവാണെന്ന് വ്യക്തമായതായി അറിയുന്നു.ആരോപണം ശരിയെന്ന് ബോദ്ധ്യപ്പെട്ടാൽ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യുന്നതടക്കമുള്ള നടപടിയുണ്ടാകുമെന്ന് മെഡിക്കൽ കോളേജ് ആധികൃതർ വ്യക്തമാക്കി. ഡോക്ടർ കുറിച്ചുകൊടുത്ത മരുന്ന് രോഗിയുടെ ഭർത്താവാണ് കടയിൽ നിന്ന് വാങ്ങിനല്കിയത്. ഓപ്പറേഷന് ഉപയോഗിക്കാതിരുന്ന ഈ മരുന്ന് ശസ്ത്രക്രിയക്കുശേഷം തിയേറ്ററിൽ ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ജീവനക്കാരി, അവരുടെ ഭർത്താവ് മുഖേന വാങ്ങിയ കടയിൽ തന്നെ കൊണ്ടുപോയി വിൽപ്പന നടത്തുകയായിരുന്നു.മരുന്ന് നൽകിയപ്പോൾ കടയിലെ ബിൽ കൂടി തരാൻ ജീവനക്കാരി ആവശ്യപ്പെടുകയും രോഗിയുടെ ബന്ധുക്കൾ നൽകുകയും ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം ബന്ധുക്കൾ ജീവനക്കാരിയോട് ബിൽ കൈപ്പറ്റിയതെന്തിനാണെന്ന് ചോദിച്ചപ്പോൾ അവർ തട്ടിക്കയറിയതായി രോഗിയുടെ ഭർത്താവ് പറഞ്ഞു.