
സിറിയക്കുനേരെ ഇസ്രായേൽ ആക്രമണം
സിറിയയെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം. കിഴക്കൻ സിറിയയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഏഴു സൈനികരുടെയും 16 പോരാളികളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 2018നു ശേഷം ആദ്യമായാണ് രാജ്യത്തിനു മേൽ ഇത്ര ഭീതിദമായി ഇസ്രായേൽ തീ തുപ്പുന്നത്.
ദെയ്ർ അൽസൂർ മുതൽ ബൂകമാൽ മരുഭൂമി വരെ നീണ്ടുനിൽക്കുന്ന നിരവധി പ്രദേശത്തായി 18 ആക്രമണമാണ് റിപ്പോർട്ട് ചെയ്തത്.
ഹിസ്ബുല്ല, ഇറാൻ- അഫ്ഗാൻ വംശജരായ പോരാളികൾ എന്നിവരുടെ സാന്നിധ്യമുള്ള മേഖലകളിലാണ് ആക്രമണമുണ്ടായത്. സൈനികരും മിലീഷ്യകളുമായി 28 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിെൻറ സഹായത്തോടെയാണ് ആക്രമണമുണ്ടായതെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. സിറിയയിലെ നിരവധി വെയർഹൗസുകൾ ആക്രമണത്തിൽ തകർന്നു. സിറിയയിലെ ഇറാൻ സംഭരണ കേന്ദ്രത്തെ ലക്ഷ്യമിട്ടെന്നാണ് വിശദീകരണം. എന്നാൽ, ഇസ്രായേൽ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സിറിയയിൽ ഇസ്രായേൽ ആക്രമണം നടത്തുന്നത്. ഇറാനെ സിറിയയുമായും ഇറാഖുമായും ബന്ധപ്പെടുത്തുന്ന ഇടനാഴിയായാണ് മേഖല അറിയപ്പെടുന്നത്.
2020ൽ മാരതം മേഖലയിലെ 50 ഇടത്താണ് ഇസ്രായേൽ ആക്രമണം നടത്തിയത്. 2011ൽ ആഭ്യന്തര യുദ്ധം ആരംഭിച്ചശേഷം ഇത് നൂറുകണക്കിന് വരും.