
ഇംപീച്ച് ചെയ്താൽ അമേരിക്ക കൂടുതല്‍ അപാകത്തിലാക്കും: ട്രംപ്
ഇംപീച്ച് ചെയ്യാനുള്ള നീക്കം കൂടുതല്‍ അക്രമങ്ങള്‍ക്കു വഴിവെക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആറു ദിവസത്തെ നിശബ്ദതയ്ക്കു ശേഷമാണ് ഇംപീച്മെന്റ് നീക്കങ്ങള്‍ക്കെതിരെയുള്ള പ്രതികരണവുമായി ട്രംപ് രംഗത്തെത്തുന്നത്.
രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ കാപ്പിറ്റോള്‍ ആക്രമണത്തില്‍ തനിക്കു യാതൊരു പങ്കുമില്ലെന്നും ട്രംപ് വ്യക്തമാക്കി. അക്രമത്തിനു താന്‍ അനുയായികളെ പ്രേരിപ്പിച്ചുവെന്ന ആരോപണം അടസ്ഥാനരഹിതമാണെന്നും ട്രംപ് പറഞ്ഞു. തനിക്കെതിരെ വര്‍ഷങ്ങളായി നടക്കുന്ന വേട്ടയാടലിന്റെ തുടര്‍ച്ചയാണ് ഇംപീച്മെന്റ് തട്ടിപ്പെന്നും ട്രംപ് ആരോപിച്ചു.
ജനങ്ങള്‍ക്കിടയില്‍ ഇതു കടുത്ത വിദ്വേഷത്തിനും വിഭജനത്തിനും ഇടയാക്കുന്നുണ്ട്. നിര്‍ണായകമായ ഈ സമയത്ത് ഇത്തരം നീക്കങ്ങള്‍ അമേരിക്കയ്ക്കു കൂടുതല്‍ അപകടകരമാകുമെന്നുള്ള മുന്നറിയിപ്പും ട്രംപ് നല്കി.
25-ാം ഭേദഗതി കൊണ്ടു തനിക്ക് യാതൊരു ഭീഷണിയുമില്ലെന്നും ബൈഡന് ഭരണകൂടത്തെ അതു തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു. നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യത്തെക്കുറിച്ച് അതീവജാഗ്രത വേണമെന്നും ട്രംപ് വ്യക്തമാക്കി. ഭരണഘടനയുടെ 25-ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കാന്‍ ഡെമോക്രാറ്റുകള്‍ നടത്തുന്ന നീക്കത്തോടുളള ട്രംപിന്റെ ആദ്യ പ്രതികരണമാണിത്. ട്രംപിനെ നീക്കാനുള്ള നടപടികള്‍ക്കു ചില മുതിര്‍ന്ന റിപബ്ലിക്കന്‍ നേതാക്കളും പിന്തുണ നല്‍കുമെന്നാണു സൂചന.