
ദേശീയപാത വികസനത്തിനായുള്ള ഭൂമി ;നടപടിക്രമങ്ങള്‍ വേഗത്തിൽ പൂര്‍ത്തിയാക്കി കോഴിക്കോട്
കോഴിക്കോട്: ദേശീയപാത വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ അനുവദിച്ച സമയത്തിനും വളരെ വേഗത്തിൽ പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ല . ഏറ്റെടുക്കേണ്ട ഭൂമി, കക്ഷികള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക തുടങ്ങിയവ അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് (ത്രീജി) ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിച്ച്, കോഴിക്കോട് ജില്ല സംസ്ഥാനത്ത് ത്രീജി സമര്‍പ്പിക്കുന്നതില്‍ ഒന്നാമതെത്തി.
ഏറെ പ്രതിബന്ധങ്ങള്‍ നേരിട്ടുവെങ്കിലും ജനുവരി 9ന് തന്നെ റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ക്ക് കൈമാറിയെന്ന് ദേശീയപാത 66 ഭൂമി ഏറ്റെടുക്കല്‍ സ്പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ.അനിതകുമാരി പറഞ്ഞു. ഫെബ്രുവരി 15 വരെയായിരുന്നു അനുവദിച്ച സമയം.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ അഴിയൂര്‍ ബൈപ്പാസ്, മൂരാട്-പാലൊളിപ്പാലം, അഴിയൂര്‍-വെങ്ങളം, രാമനാട്ടുകര റോഡ് വീതി കൂട്ടി ആറ് വരി പാതയാക്കല്‍ എന്നീ നാല് പദ്ധതികള്‍ക്കായാണ് ഭൂമി ഏറ്റെടുക്കുന്നതിന് നടപടികള്‍ സ്വീകരിച്ചത്.