
ദേശീയപാതാ ബൈപ്പാസ് അളവെടുപ്പിന് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു നാട്ടുകാർ ; ആത്മഹത്യാ ഭീഷണി
കണ്ണൂർ: പാപ്പിനിശ്ശേരി തുരുത്തിയിൽ നിർദ്ദിഷ്ട ദേശീയപാതാ ബൈപ്പാസ് അളവെടുപ്പിന് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ പ്രതിഷേധക്കാരിൽ ഒരാൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. നടപടികളുമായി മുന്നോട്ടു പോകുമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വേളാപുരം -പാപ്പിനിശ്ശേരി നിർദ്ദിഷ്ട ദേശീയപാതാ ബൈപ്പാസിലെ തുരുത്തിയിൽ അലൈൻമെന്റിൽ അപാകതകളുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികൾ ഏറെക്കാലമായി സമരത്തിലാണ്. സ്വകാര്യ കമ്പനിയെ സഹായിക്കാൻ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നാണ് 28 ഓളം കുടുംബങ്ങളുടെ ആരോപണം.
ഇതേ തുടർന്ന് ഇവർ സമ്മത പത്രത്തിൽ ഒപ്പിട്ട് നൽകിയിരുന്നില്ല. ഇതിനിടയിലാണ് ഭൂമിയുടേയും വീടുകളുടേയും വില നിശ്ചയിക്കുന്നതിനായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുരുത്തിയിലെത്തിയത്. ഇവരെ പ്രദേശവാസികൾ തടഞ്ഞു. ഇതിനിടെ പ്രതിഷേധക്കാരിൽ ഒരാളായ രാഹുൽ ദേഹത്ത് പെട്രാൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.
രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ സമരക്കാരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. തുടർന്ന് സമരസമിതി കൺവീനർ നിഷിൽകുമാർ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത് നീക്കി.