
നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കാനൊരുങ്ങി കാർഷിക പുരോഗമന സമിതി
തിരുവനന്തപുരം :തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കാനൊരുങ്ങി കാർഷിക പുരോഗമന സമിതി. സംഘടനയ്ക്ക് സ്വാധീനമുള്ള 15 ഓളം സീറ്റുകളിലാണ് സമിതി മത്സരിക്കാൻ തയ്യാറെടുക്കുന്നത്. ഈ മാസം 26ന് തൊടുപുഴയിൽ നടക്കുന്ന സംസ്ഥാനസമിതിയിൽ ഇതു സംബന്ധിച്ച് തീരുമാനമാകും.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ ഒരു ഡസനിലേറെ സീറ്റുകളിൽ മത്സരിച്ച കാർഷിക പുരോഗമന സമിതിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനതലത്തിൽ തന്നെ മത്സര രംഗത്തേക്ക് ഇറങ്ങാൻ ഒരുങ്ങുന്നത് .
കർഷകരുടെ പ്രശ്നങ്ങൾ പ്രാദേശികമായി ഉയർത്തിക്കൊണ്ടുവരികയും അതിന് പരിഹാരം കാണുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട കാർഷിക പുരോഗമന സമിതി ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പിൽ 16 ഇടങ്ങളിൽ വയനാട് ജില്ലയിൽ മത്സരിച്ചിരുന്നു.