
നേപ്പാൾ പ്രധാനമന്ത്രിയെ കമ്യൂണിസ്റ്റ് പാർട്ടിയില്‍ നിന്നും പുറത്താക്കി
നേപ്പാളിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. കാവൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെ പാർട്ടി അംഗത്വത്തിൽ നിന്ന് നീക്കിയതായി ചെയർമാൻ പ്രചണ്ഡയെ പിന്തുണക്കുന്ന വക്താവ് നാരായൺകാജി ശ്രേഷ്ഠ അറിയിച്ചു. ഒലി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ യുഎംഎൽ പുനരുജ്ജീവിപ്പിച്ചേക്കുമെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ പറയുന്നു.
അടുത്തിടെ പാർലമെന്റ് പിരിച്ചുവിടാൻ കെ.പി ശർമ ഒലി ശുപാർശ ചെയ്തതിനു പിന്നാലെ രാജ്യത്ത് അസ്ഥിരത നിലനിന്നിരുന്നു. മുൻ പ്രധാനമന്ത്രി പ്രചണ്ഡയുമായി പാർട്ടിക്കുള്ളിൽ തുടരുന്ന അധികാര തർക്കം രൂക്ഷമായതോടെയാണ് പാർലമെന്റ് പിരിച്ചുവിടാൻ ശർമ ഒലി രാഷ്ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ശുപാർശ ചെയ്തത്. രാജ്യത്തെ രാഷ്ട്രീയ അസ്വസ്ഥതകൾക്കിടയിൽ ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താൻ നേപ്പാൾ ഒരുങ്ങുകയാണ്.
ഒലി ഭരണഘടനാവിരുദ്ധമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിശദീകരണം നൽകാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം അതിന് മറുപടി നൽകിയില്ല. തുടർന്നാണ് പുറത്താക്കൽ നടപടിയിലേക്ക് നീങ്ങിയത്.