
മെക്സിക്കൻ പ്രസിഡന്റിന് കൊവിഡ്; റഷ്യന്‍ നിര്‍മ്മിത വാക്സിന് വാങ്ങാന്‍ തിരക്കിട്ട നീക്കം
മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രൂസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന് കൊവിഡ് സ്ഥിരീകരിച്ചു. മിതമായ ലക്ഷണങ്ങളാണ് കണ്ടുതുടങ്ങിയതെന്നും നിലവിൽ ആശങ്കയില്ലെന്നും അദ്ദേഹംതന്നെ ട്വീറ്റ് ചെയ്തു. കൊവിഡ് ബാധിച്ച് ഒന്നരലക്ഷത്തോളം ആളുകൾ മരണപെട്ട മെക്സിക്കോയിൽ ഇപ്പോഴും രോഗം നിയന്ത്രണ വിധേയമായിട്ടില്ല.
റഷ്യൻ നിർമിത കൊവിഡ് വാക്സിൻ വാങ്ങുന്നതിനെക്കുറിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി സംസാരിച്ചു വരികയാണെന്ന് മാനുവൽ ലോപ്പസ് പറഞ്ഞു. റഷ്യൻ നിർമിത വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞാൽ 12 ദശലക്ഷം ഡോസ് വാങ്ങാൻ ശ്രമിക്കുമെന്ന് അദ്ദേഹം കഴിഞ്ഞ വർഷംതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ റഷ്യയുടെ ‘സ്പുട്ട്നിക് വി’ വാക്സിന് മെക്സിക്കോ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. രാജ്യത്തെ 128 ദശലക്ഷം ജനങ്ങൾക്കും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തണമെന്നാണ് ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നത്.ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ ഉൾപ്പടെ സ്പുട്നിക് വി വാക്സിൻ ഉപയോഗിക്കാൻ അനുമതിയുണ്ട്. ഹംഗറിയും റഷ്യൻ വാക്സിൻ ഈ ആഴ്ച ഉപയോഗിച്ചു തുടങ്ങും.