
ഇന്ത്യയില്‍ കൊവിഡിന് ഒരു വയസ്
ഇന്ത്യയിൽ കൊവിഡിന് ഒരു വയസ്. ലോകത്തെ പിടിച്ചുലച്ച മഹാമാരി കഴിഞ്ഞ വർഷം ജനുവരി 30നാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റിയിലെ കേരളത്തിൽ നിന്നുളള വിദ്യാർത്ഥിക്കാണ് ഇന്ത്യയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് ലോകത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയായിരുന്നു.
അമേരിക്കയ്ക്കുശേഷം ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്. എന്നാൽ നിലവിൽ രോഗവ്യാപനത്തിന്റെ കാര്യത്തിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. നാലര ലക്ഷത്തോളം പേരാണ് അമേരിക്കയിൽ മഹാമാരി മൂലം മരിച്ചത്. ബ്രസീലിൽ രണ്ടേകാൽ ലക്ഷത്തിലധികം പേരാണ് മരണപ്പെട്ടത്. മൂന്നാം സ്ഥാനത്ത് ഇപ്പോൾ മെക്സിക്കോയാണ്. ഒന്നരലക്ഷത്തിലധികം പേരാണ് മെക്സിക്കോയിൽ മരണപ്പെട്ടതായാണ് റിപ്പോർട്ട്. മെക്സിക്കോയിലെ അതിവ്യാപനമാണ് മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയെ നാലാം സ്ഥാനത്തെത്തിച്ചത്.
ഇന്ത്യയിൽ ഇതുവരെ ഒന്നരലക്ഷത്തിലധികം പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്ടമായത്. എന്നാൽ 2021 ജനുവരിയോടുകൂടെ ഇന്ത്യയിൽ ദിവസേനയുളള മരണങ്ങൾ ഇരുനൂറിൽ താഴെയായി. രാജ്യത്ത് കൊവിഡിനെതിരായ വാക്സിനേഷൻ പ്രക്രിയ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരാണ് വാക്സിൻ സ്വീകരിക്കുന്നത്.