
കർഷക ബില്ലിനെതിരെ കെകെ രാഗേഷ് എംപി സ്വകാര്യ ബിൽ അവതരിപ്പിക്കും
കേന്ദ്ര സർക്കാറിന്റെ വിവാദമായ കാർഷിക ബില്ലിനെതിരെ സിപിഎം എംപി രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കും. സ്വകാര്യ ബില്ലിന് അനുമതി തേടി രാജ്യസഭാ സെക്രട്ടറി ജനറലിന് കത്തുനൽകി. കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന് സ്വകാര്യ ബില്ലിൽ ആവശ്യപ്പെടും. ബിൽ തയ്യാറാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് രാഗേഷ് പറഞ്ഞു. ബില്ലിന് അവതരണാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കാർഷിക ബിൽ പാസാക്കുന്നതിൽ പ്രതിഷേധിച്ച രാഗേഷ് അടക്കമുള്ള എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കർഷക ബില്ലിനെതിരായ പ്രതിപക്ഷ പോരാട്ടത്തിൽ തുടക്കം മുതൽ രാഗേഷ് മുൻനിരയിലുണ്ട്. ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് രാഗേഷ് അടക്കമുള്ളവരാണ് നേതൃത്വം നൽകുന്നത്.