
സാമ്പത്തിക സംവരണത്തിനെതിരെ ജമാഅത്തെ ഇസ്ലാമി സുപ്രീം കോടതിയില്‍
സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകം സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. സംവരണം 50 ശതമാനത്തിൽ അധികമാകരുത് എന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് പുതിയ ഭേദഗതിയെന്നും റിട്ട് ഹർജിയിൽ പറയുന്നു. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ ഉൾപ്പടെ റാങ്ക് പട്ടികയിൽ വളരെ പിന്നിലുളള മുന്നോക്ക വിഭഗത്തിനും പ്രൊഫെഷണൽ കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്നുവെന്നും ഹർജിയിലുണ്ട്.
സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമല്ലെന്ന് ചൂണ്ടിക്കാട്ടി ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകത്തിന് വേണ്ടി ഹിറ സെന്റർ ജനറൽ മാനേജർ വി.ടി അബ്ദുള്ള കോയ തങ്ങളാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും, സർക്കാർ നിയമനങ്ങളിലും പത്ത് ശതമാനം സംവരണം കേരള സർക്കാർ ഏർപ്പെടുത്തിയിരുന്നു.