
കർഷകർക്ക് നൽകിയ വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി
പതിനെട്ട് മാസത്തേക്ക് കർഷകനിയമങ്ങൾ നടപ്പാക്കാതിരിക്കാം എന്ന കേന്ദ്രസർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി. കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ സമരംചെയ്യുന്ന കർഷകരുടെ ഒരു ഫോൺകോൾ അകലത്തിലുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു. ഇക്കാര്യം മന്ത്രി കർഷകരെ അറിയിച്ചതാണ്. ഇക്കാര്യം തന്നെയാണ് തനിക്കും പറയാനുളളതെന്നും ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി സമ്മേളനത്തിൽ മോദി പറഞ്ഞു. പ്രശ്നപരിഹാരത്തിന് നിരന്തര ചർച്ചയിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്നും എല്ലാവരും രാജ്യത്തെ കുറിച്ച് ചിന്തിക്കണമെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.’കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ കർഷകരോട് പറഞ്ഞത് തന്നെ ഞാനും പറയുന്നു. കൃഷിമന്ത്രി ഒരു ഫോൺകോൾ അകലത്തിലുണ്ട്. 18 മാസത്തേക്ക് നിയമം നടപ്പാക്കാതിരിക്കാം എന്ന വാഗ്ദാനം പ്രതിപക്ഷ കക്ഷികൾ അനുയായികളെ അറിയിക്കണം. സർക്കാർ അഭിപ്രായ ഐക്യത്തിലെത്തിയില്ലെങ്കിലും കർഷകർക്ക് ഞങ്ങൾ ഈ നിർദ്ദേശം നൽകുകയാണ്.ആലോചിച്ച് തീരുമാനമെടുക്കുക. ‘ യോഗത്തിൽ മോദി പറഞ്ഞു.യോഗത്തിൽ കോൺഗ്രസിന് വേണ്ടി ഗുലാം നബി ആസാദ്, തൃണമൂൽ കോൺഗ്രസിന് വേണ്ടി സുദീപ് ബന്ദോപാദ്ധ്യായ്, ശിവസേനയ്ക്കായി വിനായക് റൗത്ത്, ശിരോമണി അകാലിദളിന് വേണ്ടി ബൽവീന്ദർ സിംഗ് ഭുന്ദെർ എന്നിവർ കർഷകർക്കുവേണ്ടി സംസാരിച്ചു.