
അർണബിനെ രക്ഷിക്കാൻ ടി.ആർ.പി തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം
അർണബ് ഗോസ്വാമിക്കും റിപബ്ലിക് ടി.വി ചാനലിനും എതിരെയുള്ള ടെലിവിഷൻ റേറ്റിങ് പോയിൻറ് (ടി.ആർ.പി) തട്ടിപ്പ് കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം.
കേസിൽ തെളിവായി കണ്ടെത്തിയ അർണബ് ഗോസ്വാമിയും ബ്രോഡ്കാസ്റ്റ് ഒാഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) മുൻ മേധാവി പാർഥദാസ് ഗുപ്തയും തമ്മിലെ വാട്സ് ആപ്പ് ചാറ്റ് ചോർന്നതോടെ നീക്കം ശക്തമാക്കിയെന്നും മുംബൈ പൊലിസ് വൃത്തങ്ങൾ ആരോപിച്ചു. വാട്സ് ആപ്പ് ചാറ്റ് ചോർന്നതോടെ അർണബിന് പ്രധാനമന്ത്രി ഒാഫീസിലും കേന്ദ്ര മന്ത്രിമാരിലുമുള്ള സ്വാധീനവും സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെ നടന്ന പുൽവാമ ഭീകരാക്രമണത്തിൽ ആഹ്ളാദിച്ചതും ബാലകോട്ട് സൈനികാക്രമണം മുൻ കൂട്ടി അറിഞ്ഞതും വിവാദമായി.
ടി.ആർ.പി തട്ടിപ്പ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമമായ പി.എം.എൽ.എ പ്രകാരം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തതും മുംബൈ പൊലിസിന്റെ അന്വേഷണം അട്ടിമറിക്കാനാണെന്നാണ് ആരോപണം.
ടി.ആർ.പി റേറ്റിങ്ങിനായി ബാർകിന് വേണ്ടി ചാനൽ ഉപഭോക്താക്കളുടെ വീടുകളിൽ ബാരൊമീറ്റർ ഘടിപ്പിക്കുന്ന ഹൻസ റിസർച്ച് ഗ്രൂപ്പിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. ഹൻസ ഗ്രൂപ്പും കേസ് സി.ബി.െഎക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബോംെമ്പ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൻസയുടെ നീക്കവും അർണബ് അടക്കമുള്ള പ്രമുഖരെ രക്ഷിക്കാനാണെന്നാണ് ആരോപണം.
ഇതിനിടയിൽ, ടി.ആർ.പി കേസിൽ അറസ്റ്റിലാവുകയും പിന്നീട് ക്രിമിനൽ നടപടി ചട്ടത്തിലെ 164 പ്രകാരം മജിസ്ട്രേറ്റിന് മുമ്പിൽ കുറ്റസമ്മതം നടത്തി മാപ്പുസാക്ഷിയാവുകയും ചെയ്ത ഹൻസ ഗ്രൂപ്പ് മുൻ ജീവനക്കാരൻ ഉമേശ് മിശ്ര ഇ.ഡിക്ക് എതിരെ ബോംെമ്പ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ മൊഴി ഭീഷണിപ്പെടുത്തി ഇ.ഡി മാറ്റി പറയിപ്പിച്ചതായി ആരോപിച്ചാണ് മിശ്ര കോടതിയെ സമീപിച്ചത്. ടി.ആർ.പി കേസിൽ ഇഡിയുടെ അന്വേഷണ റിപ്പോർട്ട് കൂടി പരിഗണിക്കണമെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള അർണബിന്റെയും റിപ്പബ്ളിക് ടി.വി നടത്തിപ്പുകാരായ എ.ആർ.ജി ഒൗട്ട്ലിയറും നൽകിയ ഹരജിയിൽ വിധിപറയും മുമ്പ് ഇ.ഡിക്ക് എതിരായ തന്റെ ഹരജികൂടി പരിഗണിക്കണമെന്ന് കോടതിയിൽ മിശ്ര ആവശ്യപ്പെട്ടു.
ഡിസമ്പർ 18 നാണ് ഇ.ഡി തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും അന്ന് നേരത്തെ മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴിക്ക് വിരുദ്ധമായി മൊഴി പറയിപ്പിച്ചുവെന്നും മിശ്ര ഹരജിയിൽ ആരോപിച്ചു.
ഇ.ഡി രേഖപ്പെടുത്തിയ തന്റെ മൊഴി വാസ്തവമല്ലെന്നും മിശ്ര ആവർത്തിച്ചു. ടി.ആർ.പി കേസിൽ ഇ.ഡിയുടെ അന്വേഷണ റിപ്പോർട്ട് കൂടി പരിഗണിക്കണമെന്നും പൊലിസിന്റെ കണ്ടെത്തലിന് വിരുദ്ധമാണ് ഇഡിയുടെ കണ്ടെത്തലെങ്കിൽ കേസ് റദ്ദാക്കണമെന്നുമാണ് ഹൈക്കോടതിയിൽ അർണബിന് വേണ്ടി ഹാജറായ ഹരീഷ് സാൽവെ നേരത്തെ ആവശ്യപ്പെട്ടത്. ഇ.ഡി റിപ്പോർട്ട് പരിഗണിക്കുന്നതിനെ മുംബൈ പൊലിസിനായി ഹാജറായ കപിൽ സിബൽ ശക്തമായി എതിർത്തു.