
ശശി തരൂരിനും രാജ്ദീപ് സർദേശായിക്കും എതിരെ ഹരിയാനയിലും രാജ്യദ്രോഹക്കേസ്
റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ശശി തരൂർ എം.പി, മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായി, മൃണാൽ പാണ്ഡെ എന്നിവർക്കെതിരെ ഹരിയാനയിലും രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തു. ബി.ജെ.പി ഭരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഇവർക്കെതിരെ ഒരേ സംഭവത്തിൽ രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്യുന്നത്.
ജർസയിൽ നിന്നുള്ള മഹാബീർ സിങ്ങിന്റെ പരാതിയിലാണ് കേസ്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തെറ്റായ കാര്യങ്ങളാണ് ഇവർ ട്വീറ്റ് ചെയ്തതെന്നാണ് മഹാബീർ സിങ്ങിന്റെ വാദം. പരാതിയിൽ ഗുരുഗ്രാം പൊലീസ് ഉടൻതന്നെ കേസെടുക്കുകയായിരുന്നു. സഫർ ആഗ, വിനോദ് കെ ജോസ് തുടങ്ങിയ മാധ്യമപ്രവർത്തകർക്കെതിരെയും ഗുരുഗ്രാം സൈബർ സെൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് ഹരിയാന പോലീസ് കേസെടുത്തത്. നേരത്തേ, ഇതേ സംഭവത്തിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ് പോലീസും രാജ്യദ്രോഹക്കുറ്റം ചുമത്തി ശശി തരൂരിനും മാധ്യമ പ്രവർത്തകർക്കുമെതിരേ കേസെടുത്തിരുന്നു.