
മുല്ലപ്പളളി വടകരയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നു
നിയമസഭാ തിരഞ്ഞെടുപ്പിൽ കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ വടകരയിൽ മത്സരിക്കാൻ സാദ്ധ്യത. സ്വന്തം തട്ടകമെന്ന നിലയിൽ മുല്ലപ്പളളിക്ക് വടകരയിൽ വിജയസാദ്ധ്യത കൂടുതലാണെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളുടെ കണക്കുകൂട്ടൽ. നേരത്തെ കൽപ്പറ്റയിൽ മുല്ലപ്പളളി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. കൊയിലാണ്ടിയിലും മുല്ലപ്പളളിയുടെ പേര് ഉയർന്നുകേൾക്കുന്നതിനിടെയാണ് വടകരയിൽ തന്നെ അദ്ദേഹം മത്സരിക്കുമെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ തന്നെ പറയുന്നത്.രണ്ട് തവണ ഇടതു മുന്നണിയെ പിന്തളളി വടകരയിൽ നിന്ന് മുല്ലപ്പളളി രാമചന്ദ്രൻ ലോക്സഭയിലേക്ക് ജയിച്ചിരുന്നു. ഇതു തന്നെയാണ് വടകരയിൽ മത്സരിക്കാൻ അദ്ദേഹത്തിന് ആത്മവിശ്വാസം നൽകുന്ന പ്രധാന ഘടകം. വടകര സ്വദേശി കൂടിയായ മുല്ലപ്പളളിക്ക് മണ്ഡലത്തിലുളള വ്യക്തിബന്ധങ്ങളും പരിചയവും അനുകൂല ഘടകങ്ങളാണ്. മണ്ഡലത്തിലെ ചില മേഖലകളിൽ മുല്ലപ്പള്ളിക്ക് ഉളള സ്വാധീനം മുൻ തിരഞ്ഞെടുപ്പുകളിൽ ഗുണകരമായിട്ടുണ്ട്. ഈ വിലയിരുത്തലാണ് വടകരയിൽ മത്സരിക്കാനുളള പ്രേരണക്ക് കാരണം.ആർ എം പിയെ വടകരയിൽ യു ഡി എഫ് പിന്തുണക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ആർ എം പിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് കെ പി സി സി അദ്ധ്യക്ഷൻ തന്നെ വടകരയിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.