
പാലാരിവട്ടം പാലം പുതുക്കി പണിതതിന്റെ ചെലവ് നല്‍കണം: കരാര്‍ കമ്പനിക്ക് സര്‍ക്കാരിന്റെ നോട്ടീസ്
പാലാരിവട്ടം പാലം പുതുക്കി പണിതതിന്റെ ചെലവ് കരാര്‍ കമ്പനിയില്‍ നിന്ന് ഈടാക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. കരാര്‍ വ്യവസ്ഥയനുസരിച്ച് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ആര്‍ഡിഎസ് കമ്പനിക്ക് നോട്ടീസ് നല്കി. 24.52 കോടി രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ചട്ടപ്രകാരമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്ന് മന്ത്രി ജി സുധാകരന് പ്രതികരിച്ചു.
ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം തികയും മുൻപാണ് പാലാരിവട്ടം മേൽപ്പാലത്തിന് ബലക്ഷയം സംഭവിച്ചത്. നിയമപ്രകാരം മൂന്ന് വർഷം തികയുന്നത് വരെയുള്ള ഏല്ലാ തകരാറുകളും പരിഹരിക്കേണ്ടത് നിർമാണ കമ്പനിയായ ആർഡിഎസ് പ്രൊജക്ട്സാണ്. 2019 ഒക്ടോബര്‍ 12 വരെയായിരുന്നു നിയമപ്രകാരമുള്ള ഡിഫക്റ്റ് ലൈബലിറ്റി കാലാവധി. ഇതിന് മുന്നോടിയായി തന്നെ ബലക്ഷയം കണ്ടെത്തിയതിനാല്‍ പാലം പുനര്‍നിര്‍മിക്കാന്‍ ചെലവ് വരുന്ന 24.52 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. പാലം കൃത്യമായി നിർമിക്കുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റിയെന്നും പാലത്തിന്റെ പുനർനിർമാണം സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും നോട്ടീസില്‍ ചൂണ്ടികാട്ടുന്നു. കമ്പനിയുടെ വീഴ്ച കൊണ്ടാണ് ബലക്ഷയമുണ്ടായതെന്നും പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ ചില ദുഷ്ടശക്തികളുടെ ഇടപെടല്‍ ഉണ്ടായെന്നും മന്ത്രി ജി. സുധാകരന് പറഞ്ഞു.
2014 സെപ്റ്റംബറിൽ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ച പദ്ധതി 2016 ഒക്ടോബര്‍ 12നാണ് ഉദ്ഘാടനം ചെയ്തത്. ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് 2020 സെപ്റ്റംബർ 28നാണ് പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മാര്‍ച്ച് മാസം അവസാനത്തോടെ പാലാരിവട്ടം പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.