
ഗുണനിലവാരമില്ലാത്ത ആന്റിജന്‍ കിറ്റുകള്‍ സര്‍ക്കാര്‍ തിരിച്ചയക്കും
ഗുണനിലവാരമില്ലാത്ത ആന്റിജന്‍ കിറ്റുകള്‍ തിരിച്ചയക്കാന്‍ തീരുമാനം. ആല്‍പൈന്‍ കമ്പനിയുടെ കിറ്റുകളാണ് തിരിച്ചയക്കുന്നത്. തെറ്റായ പോസിറ്റീവ് റിസള്‍ട്ട് ലഭിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം
ഹരിയാനയില്‍ നിന്നുള്ള ആല്‍പൈന്‍ കമ്പനിയുടെ കിറ്റുകളാണ് തിരിച്ചയക്കുന്നത്. തെറ്റായ പൊസിറ്റീവ് ഫലം ലഭിക്കുന്നതിനെ തുടര്‍ന്ന് ഒരാഴ്ചയായി കിറ്റ് പരിശോധനക്ക് ഉപയോഗിച്ചിരുന്നില്ല. 30 ശതമാനത്തിലധികം പോസിറ്റീവ് കേസുകള്‍ രേഖപ്പെടുത്തിയതോടെയാണ് കിറ്റിന്റെ പരിശോധന ഫലത്തിന്റെ ആധികാരികതയില്‍ സംശയമുയര്‍ന്നത്. ഈ കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പോസിറ്റീവ് റിസല്‍ട്ട് നല്കിയ സാമ്പിളുകള്‍ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവാകുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ആല്‍പൈന്‍ കിറ്റുകള്‍ തിരിച്ചയക്കാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് കിറ്റുകള്‍ തിരിച്ചയക്കുന്നത്. നാളെ മുതല്‍ തിരിച്ചയക്കാനുള്ള നടപടി തുടങ്ങും. ഇതോടെ ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നല്കി.