
വാഹന പരിശോധന ഈ മാസം 17 വരെ പൊലീസ് കര്‍ശനമാക്കും
ഈ മാസം 17 വരെ പൊലീസും മോട്ടോർ വാഹന വകുപ്പും വാഹന പരിശോധന കർശനമാക്കും. റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായാണിത്. ജനുവരി 18 മുതലാണ് 30 ദിവസം നീണ്ടുനിൽക്കുന്ന ‘റോഡ് സുരക്ഷാ മാസാചരണം’ തുടങ്ങിയത്.
നാളെ (ഫെബ്രുവരി-1) മുതൽ ശനിയാഴ്ച (ഫെബ്രുവരി-6) വരെ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് പരിശോധനകൾക്കാണ് പ്രാധാന്യം നൽകുക. 10 മുതൽ 13 വരെ അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കെതിരെ പരിശോധന കർശനമാക്കും. വിദ്യാലയ പരിധിയിൽ പ്രത്യേക ശ്രദ്ധ നൽകും. 7 മുതൽ 17 വരെ മദ്യപിച്ച് വാഹനമോടിക്കൽ, ഡ്രൈവിംഗ് വേളയിൽ ഫോൺ ഉപയോഗിക്കൽ, അനധികൃത പാർക്കിംഗ്, സീബ്രാ ലൈൻ ക്രോസിംഗിൽ കാൽനടയാത്രക്കാർക്ക് പരിഗണന നൽകാതിരിക്കൽ, സിഗ്നലുകൾ പാലിക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾക്കെതിരെ പരിശോധന വർദ്ധിപ്പിക്കും.
അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളുണ്ടാകും. ഇവർക്ക് റോഡ് സുരക്ഷയെക്കുറച്ചുള്ള ഒരു ദിവത്തെ മുഴുവൻ ക്ലാസ്സും നൽകും. സംസ്ഥാനതലത്തിൽ ട്രാഫിക് ഐ.ജി നോഡൽ ഓഫീസർ ആയ കമ്മിറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്്. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ, പി.ഡബ്ലു.ഡി ചീഫ് എൻജിനിയർമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങൾ. ജില്ലാ തലത്തിൽ കളക്ടർ ചെയർമാനും പോലീസ് സൂപ്രണ്ട് നോഡൽ ഓഫീസറുമായ കമ്മറ്റിയാണ് ഉള്ളത്. ഫെബ്രുവരി 17 ന് റോഡ് സുരക്ഷ മാസാചരണം സമാപിക്കും. റോഡപകടങ്ങൾ വൻ തോതിൽ വർദ്ധിക്കുകയും ട്രാഫിക് നിയമലംഘനം വ്യാപകമാകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പും അഭ്യന്തര വകുപ്പും സംയുക്തമായി വാഹന പരിഷിധന കർശനമാക്കുന്നത്.