
ഏറ്റവും കൂടുതൽ പാലങ്ങൾ നിർമിച്ചു നൽകിയ രണ്ടാമത്തെ മണ്ഡലമാണ് ചെങ്ങന്നൂരെന്ന് ജി സുധാകരൻ
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏറ്റവും കൂടുതൽ പാലങ്ങൾ നിർമിച്ചു നൽകിയ രണ്ടാമത്തെ മണ്ഡലമാണ് ചെങ്ങന്നൂരെന്ന് മന്ത്രി ജി സുധാകരൻ. മംഗലം- കൈപ്പാലക്കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആദ്യത്തേത് കുട്ടനാട് നിയോജക മണ്ഡലമാണ്. ചെങ്ങന്നൂർ മണ്ഡലത്തിൽ പൊതുമരാത്ത് വകുപ്പ് 1806 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. അസാധാരണമാം വിധമുള്ള വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.
സംസ്ഥാനത്ത് 1,05,608 കോടി രൂപയുടെ നിക്ഷേപമാണ് പൊതുമരാമത്ത് വകുപ്പ് നടത്തിയിട്ടുള്ളത്. വോട്ടിന് വേണ്ടിയല്ല മറിച്ച് നാടിന് വേണ്ടിയുള്ള വികസനമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ 12 പാലങ്ങൾക്കുള്ള ഡിസൈനാണ് അംഗീകാരം നൽകിയിട്ടുള്ളത്. ജില്ലയിൽ 72 പാലങ്ങൾ കൂടി നിർമിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് 12 കോടി രൂപ വകയിരുത്തിയാണ് കൈപ്പാലക്കടവ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വാഹന ഗതാഗതത്തിനായി 7.50 മീറ്റര്‍ വീതിയുള്ള ക്യാരേജ് വേയും 1.50 മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമുള്ള നടപ്പാതയും ഉള്‍പ്പെടെ 11 മീറ്ററാണ് പാലത്തിന്റെ വീതി. 30 മീറ്റര്‍ വീതമുള്ള രണ്ട് സ്പാനുകളും പത്ത് മീറ്റര്‍ വീതിയുള്ള ഏഴ് ലാന്‍ഡ് സ്പാനുകളും ഉള്‍പ്പെടെ 131.20 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. 800 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡും നിർമ്മിച്ചിട്ടുണ്ട്. ചെങ്ങന്നൂരില്‍ ആവശ്യമായ ഒരു ബൈപ്പാസിന്റെ ഗുണമാണ് കൈപ്പാലക്കടവ് പാലം തുറക്കുന്നതോടെ യാഥാര്‍ഥ്യമാകുന്നത്. എംസി റോഡില്‍ ചെങ്ങന്നൂര്‍ നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിനും ഇത് പരിഹാരമാകും.
എംസി റോഡില്‍ തിരുവല്ല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ചെങ്ങന്നൂര്‍ ടൗണില്‍ പ്രവേശിക്കാതെ കല്ലിശ്ശേരിയില്‍ നിന്നും തിരിഞ്ഞ് മംഗലം കൈപ്പാലക്കടവ്പാലം കടന്ന് ഇടനാട് പുത്തന്‍കാവ് വഴി എം.സി റോഡില്‍ മുളക്കുഴ സെഞ്ച്വറി ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ എത്താന്‍ കഴിയും. തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ക്കും ഈ വഴി ഉപയോഗിക്കാന്‍ സാധിക്കും. കോഴഞ്ചേരി പത്തനംതിട്ട ഭാഗത്തേക്ക് പോകുന്നവര്‍ക്കും പാലം ഉപയോഗപ്പെടുത്തുന്നത് വഴി വളരെ ദൂരം ലാഭിക്കാന്‍ കഴിയും.