
രാജസ്ഥാനില്‍ 48 ഇടങ്ങളില്‍ ഭരണം പിടിച്ച് കോണ്‍ഗ്രസ്
രാജസ്ഥാനില്‍ 90 നഗരസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 48 ഇടങ്ങളില്‍ ഭരണം പിടിച്ച് കോണ്‍ഗ്രസ്. 19 നഗരസഭകളില്‍ ഒറ്റയ്ക്ക് അധികാരം പിടിച്ച സംസ്ഥാനത്തെ ഭരണകക്ഷി, സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണു മറ്റുള്ളിടങ്ങളില് അധികാരം നേടിയത്. രണ്ടിടത്തു പാര്‍ട്ടി പിന്തുണച്ച സ്വതന്ത്രരും വിജയികളായി.
20 ജില്ലകളിലായി 80 മുനിസിപ്പാലിറ്റികള്‍, 9 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, ഒരു മുനിസിപ്പല്‍ കോര്പറേഷന് എന്നിവയിലേക്കാണു ജനുവരി 28നു രണ്ടാംഘട്ട തിരഞ്ഞെടുപ്പു നടന്നത്. ജനുവരി 31നു ഫലമറിഞ്ഞ നഗരസഭകളില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ചെയര്‍പഴ്സന്‍, വൈസ് ചെയര്‍പഴ്സന്‍ തിരഞ്ഞെടുപ്പു നടന്നത്.
24 ഇടങ്ങളില്‍ ഒറ്റയ്ക്കു ഭരണത്തിലേറിയ ബിജെപിക്ക് ആകെ 37 ഇടങ്ങളിലാണ് വിജയിക്കാനായത്. 90 നഗരസഭകളില്‍ 60ലും ബിജെപിയായിരുന്നു അധികാരത്തിലിരുന്നത്. ആകെയുള്ള 3095 വാര്‍ഡുകളില്‍ 1197ല്‍ വിജയിച്ച് കോണ്‍ഗ്രസ് മുന്‍തൂക്കം നേടിയിരുന്നു.
എന്നാല്‍ 1140 സീറ്റില്‍ വിജയിച്ച ബിജെപിക്കു കൂടുതല്‍ സ്ഥലങ്ങളില്‍ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായി. ഇതോടെ വിജയിച്ച 634 സ്വതന്ത്രരുടെ വോട്ട് ഭരണം നേടുന്നതില്‍ നിര്‍ണായകമായി. എന്‍സിപിയും രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും ഓരോ നഗരസഭകളില്‍ വിജയികളായി.