
കുട്ടനാട് സീറ്റ് തോമസ് ചാണ്ടിയുടെ അനുജന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പു കൊടുത്തത്
സിറ്റിങ് സീറ്റായ പാലാ വേണ്ടെന്നുവച്ച് കുട്ടനാട്ടില്‍ മത്സരിക്കാന്‍ മാണി സി. കാപ്പനെ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണിക്കുന്നത് മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ അനുജന് തോമസ് കെ. തോമസിനു സ്ഥാനാര്‍ഥിത്വം ഉറപ്പുകൊടുത്തതിനു ശേഷം. പാലാ വിട്ട് എങ്ങോട്ടുമില്ലെന്നു കാപ്പന് പലതവണ വ്യക്തമാക്കിയതാണ്.
പാലായില്ലെങ്കില്‍ എല്‍.ഡി.എഫ്. വിടുമെന്ന സൂചനകളും നല്കി. അദ്ദേഹം മുന്നണി വിട്ടുപോകുന്നതു തങ്ങളുടെ കുറ്റം മൂലമല്ലെന്നു വരുത്തിത്തീര്‍ക്കുകയാണ് മുഖ്യമന്ത്രിയുടെ കുട്ടനാട് സീറ്റ് വാഗ്ദാനത്തിനു പിന്നിലെന്ന് ഒരു വിഭാഗം എന്‍.സി.പി. നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതിയംഗം കൂടിയായ തോമസ് കെ.തോമസ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് കുട്ടനാട് മണ്ഡലത്തില്‍ സജീവമാണ്. അദ്ദേഹം പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് ജനകീയ വിഷയങ്ങളില്‍ ഇടപെടുകയാണ്.
നേരത്തേ, ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന ഘട്ടത്തില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന തോമസ് കെ. തോമസിനെ മാത്രമാണ് ഇപ്പോഴും കുട്ടനാട്ടില്‍ എന്‍.സി.പി. നേതൃത്വം നിര്‍ദേശിച്ചത്. സ്ഥാനാര്‍ഥിത്വം പിണറായി ഉറപ്പു നല്കിയെന്നു നേതാക്കള്‍ സമ്മതിക്കുന്നു.പാലാ എം.എല്‍.എയായ മാണി സി. കാപ്പനെ എന്‍.സി.പിയിലെ ശശീന്ദ്രന് വിഭാഗം നേരത്തെ കുട്ടനാട്ടിലേക്കു ക്ഷണിച്ചത് അടവുനയത്തിന്റെ ഭാഗമായിരുന്നു. ഇതു തിരിച്ചറിഞ്ഞാണു കാപ്പന് ഉടനടി നിരസിച്ചത്.
ഇതുതന്നെയാണ് ഇപ്പോള്‍ പിണറായിയും ചെയ്യുന്നത്.അതേസമയം, മുഖ്യമന്ത്രി വെറുതേ ഒന്നും പറയില്ലെന്നു തോമസ് കെ. തോമസ് പ്രതികരിച്ചു. പാലാ സീറ്റിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു കാരണമുണ്ടാകാം.
എന്‍.സി.പി, പ്രത്യേകിച്ച് ആലപ്പുഴയിലെ പ്രവര്‍ത്തകര്‍ എല്‍.ഡി.എഫില്‍ ഉറച്ചുനില്‍ക്കുമെന്നും കാപ്പന് കുട്ടനാട്ടില്‍ മത്സരിക്കണമെന്നു പാര്‍ട്ടി തീരുമാനിച്ചാല്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷത്തെ ജേക്കബ് ഏബ്രഹാം യു.ഡി.എഫ്. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചുകഴിഞ്ഞു.