
നിയമസഭാ തെരഞ്ഞെടുപ്പ് നയിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന് മടങ്ങിയെത്തും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു കോടിയേരി ബാലകൃഷ്ണന് മടങ്ങിയെത്തും.
മയക്കു മരുന്നു കേസില്‍ ബംഗളൂരു ജയിലില്‍ കഴിയുന്ന മകന് ബിനീഷിനു ജാമ്യം ലഭിച്ചാലുടന്‍ കോടിയേരി തിരികെ എത്താനാണു സാധ്യത.
തുടര്‍ഭരണം ലക്ഷ്യമിട്ടു മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ കോടിയേരി വേണമെന്ന അഭിപ്രായമാണു സിപിഎം സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം നേതാക്കള്‍ക്കുമുള്ളത്.
പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനും അനുകൂല നിലപാടാണ്. എന്നാല്‍, മകനു ജാമ്യം ലഭിച്ചാല്‍ മാത്രമേ സെക്രട്ടറി സ്ഥാനത്തേക്കു തിരിച്ചെത്തുകയുള്ളുവെന്ന തീരുമാനത്തിലാണു കോടിയേരി.
മയക്കുമരുന്നു കേസില്‍ മകന് ജയിലിലായ സാഹചര്യത്തിലാണു കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞത്. ഇതേത്തുടര്‍ന്നു പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എ. വിജയ രാഘവന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി. ഇടതു മുന്നണി കണ്‍വീനറായിരിക്കെ അദ്ദേഹത്തിനു സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കേണ്ടി വന്നു.