
ഉത്തരഖണ്ഡിലെ തപോവനിൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു
ഡെറാഡൂൺ :ഉത്തരഖണ്ഡിലെ തപോവനിൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. ഋഷി ഗംഗാനദിയിലെ ജലനിരപ്പ് ഉയർന്നതിനാലാണ് രക്ഷാപ്രവർത്തനം നിർത്തി വച്ചിരുന്നത്.തെരച്ചിൽ പുരോഗമിക്കുന്നതിനിടെ ഉച്ചയോടുകൂടി ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുകയായിരുന്നു. തുടർന്ന് താഴ്ന്ന മേഖലയിലുള്ളവരെ ഉടൻ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മിനിറ്റുകൾകൊണ്ട് ഒരു മീറ്ററിലധികം ജലനിരപ്പ് ഉയർന്നു.
തെരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകരോടും സംഭവസ്ഥലത്ത് നിന്നും പിൻവാങ്ങാൻ നിർദേശം നൽകി. എന്നാൽ ഏകദേശം ഒരു മണിക്കൂർ കൊണ്ട് ജലനിരപ്പ് താഴ്ന്നു. ഇതിന് പിന്നാലെയാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്.80 മണിക്കൂറിലേറെയായി തുടരുന്ന രക്ഷാപ്രവർത്തനത്തിനിടെ ആറ് മീറ്ററോളം മാത്രമേ തപോവൻ തുരങ്കത്തിൽ സുരക്ഷാ സേനയ്ക്ക് എത്തിച്ചേരാൻ സാധിച്ചുള്ളു. ഋഷി ഗംഗാനദീതീരത്ത് കനത്ത ജാഗ്രത നിർദേശം നൽകി.