
ഒഡീഷ എഫ്സിക്കെതിരെ കരുത്തുറ്റ ടീമിനെ അണിനിരത്തി കേരള ബ്ലാസ്റ്റേഴ്സ്
ഒഡീഷ എഫ്സിക്കെതിരെ കരുത്തുറ്റ ടീമിനെ അണിനിരത്തി കേരള ബ്ലാസ്റ്റേഴ്സ്. ഗാരി ഹൂപ്പർ, ജോർഡൻ മറെ, രാഹുൽ കെപി, സഹൽ അബ്ദുൽ സമദ് തുടങ്ങിയവരൊക്കെ ആദ്യ ഇലവനിൽ ഇടം നേടി. സെയ്ത്യസെൻ സിംഗ്, റിത്വിക് ദാസ് തുടങ്ങിയ താരങ്ങൾ ബെഞ്ചിലാണ്. പരിശീലനത്തിനിടെ മൂക്കിനു പരുക്കേറ്റ ഫക്കുണ്ടോ പെരേര ഇന്നും ടീമിൽ ഇല്ല. ഫറ്റോർഡ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
ദെനചന്ദ്ര മെയ്തേയ്, സന്ദീപ് സിംഗ്, ജീക്സൺ സിംഗ് എന്നീ യുവതാരങ്ങൾക്കൊപ്പം കോസ്റ്റയാണ് പ്രതിരോധത്തിൽ അണിനിരക്കുന്നത്. രാഹുൽ, ജുവാൻഡെ, സഹൽ, വിസൻ്റെ എന്നിവർ മധ്യനിരയിലാണ്. അറ്റാക്കിംഗ് മിഡ്ഫീൽഡറായി ഹൂപ്പറും ഏക സ്ട്രൈക്കറായി മറെയും കളിക്കും.
പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള രണ്ട് ടീമുകളാണ് ബ്ലാസ്റ്റേഴ്സും ഒഡീഷയും. യഥാക്രമം 10, 11 സ്ഥാനങ്ങളിലാണ് ഇരു ടീമുകളും. 16 മത്സരങ്ങളിൽ നിന്ന് 15 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ചെങ്കിൽ മാത്രമേ പ്ലേ ഓഫ് സാധ്യതയെങ്കിലും സ്വപ്നം കാണാനാവൂ. അതേസമയം, 15 മത്സരങ്ങളിൽ നിന്ന് 8 പോയിൻ്റ് മാത്രമുള്ള ഒഡീഷ ഏറെക്കുറെ ലീഗിൽ നിന്ന് പുറത്തായിക്കഴിഞ്ഞു.