
കൊവിഡ് വാക്സിൻ വിതരണം അവസാനിച്ചാൽ പൗരത്വ നിയമഭേദഗതി നടപ്പിലാക്കും:അമിത് ഷാ
ന്യൂഡൽഹി :കൊവിഡ് വാക്സിൻ വിതരണം അവസാനിച്ചാൽ പൗരത്വ നിയമഭേദഗതി നടപ്പിലാക്കും എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു . പശ്ചിമ ബംഗാളിലെ ഹിന്ദു കുടിയേറ്റക്കാർക്ക് നൽകുന്ന ഉറപ്പാണ് ഇതെന്നും അമിത് ഷാ കൂട്ടി ചേർത്തു . തെരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
“വാക്സിൻ വിതരണം പൂർത്തിയാക്കുന്നതോടെ നമ്മുടെ രാജ്യം കൊവിഡ് മുക്തമാകും, അതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. പൗരത്വ ഭേഗഗതി ആക്ട് പാർലമെൻറിൻറെ നിയമമാണ്. എങ്ങിനെയാണ് നിങ്ങൾക്ക് അതിനെ പ്രതിരോധിക്കാനാവുന്നത്? നിങ്ങൾക്ക് അതിനെ തടയാനുള്ള അധികാരവുമില്ല. ഇത് ഒരു വ്യാജ വാഗ്ധാനമാണെന്ന് മമത പറയും. അവർ സിഎഎയെ എതിർക്കാൻ ആരംഭിച്ചിട്ടുണ്ട്. അതൊരിക്കലും അനുവദിക്കില്ലെന്ന് അവർ പറയും. എന്നാൽ, ബിജെപി പറയുന്ന വാക്ക് പാലിക്കും. ഞങ്ങളാണ് ഈ നിയമം കൊണ്ടുവന്നത്. അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കും.”- അമിത് ഷാ പറഞ്ഞു.