
നാടുണര്‍ന്നു നാട്ടുകൂട്ടമായി ചര്‍ച്ച
കൊല്ലം :നാടുണര്‍ന്നു നാട്ടുകൂട്ടമായി ചര്‍ച്ച. ചര്‍ച്ചയ്ക്കൊടുവില്‍ വികസന പദ്ധതികള്‍ക്ക് പ്രാരംഭ രൂപരേഖയാക്കി പിരിഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാതൃകയായി വികസന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കൂടിയ നാട്ടുകൂട്ടം ശ്രദ്ധേയമായി. കൊല്ലം കോര്‍പ്പറേഷനില്‍ 52 ഡിവിഷനില്‍ കൗണ്‍സിലര്‍ കോര്പ്പറേഷന് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു പവിത്രയുടെ നേതൃത്വത്തില്‍ കൂടിയ നാട്ടുകൂട്ടമാണ് വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.
സംസ്ഥാന ബജറ്റില്‍ തിരുമുല്ലാവാരം തീര്‍ത്ഥാടന വിനോദ സഞ്ചാരമേഖലയാക്കുന്നതിന് തുക അനുവദിച്ച സാഹചര്യത്തില്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, വാര്‍ഡ് സഭ കൂടുന്നതിനുമാണ് നാട്ടുകൂട്ടം ചേര്‍ന്നത്.വിശ്വാസം നിലനിര്‍ത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് വിനോദ സഞ്ചാര മേഖല വികസിപ്പിക്കുന്നതിന് നടപടി എടുക്കുമെന്ന് സമാപന യോഗം ഉദ്ഘാടനം ചെയ്ത ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ പറഞ്ഞു.
തിരുമുല്ലാവാരം തീര്‍ഥാടന കേന്ദ്രമായി വികസിക്കുമ്പോള്‍ ജനങ്ങള്‍ക്ക് സുരക്ഷിതമായി പിതൃദര്‍പ്പണം നടത്തുന്നതിന് ആവശ്യമായ പടവുകള്‍ കെട്ടുന്നതിനും ബലിതര്‍പ്പണത്തിനും മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. കടല്‍ അലങ്കാര മത്സ്യത്തിന് സാധ്യത കൂടുതലുള്ള സ്ഥലമാണ് തിരുമുല്ലാവാരം. ഇതുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുമുല്ലാവാരം വികസന സമിതി സംഘാടക സമിതിക്കും യോഗം രൂപം നല്കി. രക്ഷാധികാരി ചൈത്രം മോഹനന് അധ്യക്ഷനായി.
തിരുമുല്ലാവരം ദേവസ്വം ബോര്‍ഡ് എല്‍ പി സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന ബഹുജന കണ്‍വെന്‍ഷനോട് അനുബന്ധിച്ച് തിരുമുല്ലാവാരം ഡിവിഷന് വാര്‍ഡ് സഭയും വിവിധ വികസന വിഷയങ്ങളില്‍ പ്രഭാഷണം, ചര്‍ച്ച എന്നിവയും നടന്നു.