
ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുറ്റവിമുക്തനാക്കി സെനറ്റ്
ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുറ്റവിമുക്തനാക്കി സെനറ്റ്. ട്രംപിനെതിരായ രണ്ടാമത്തെ ഇംപീച്ച്മെന്റ് ട്രയലില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ അംഗങ്ങളും ഇംപീച്ച്മെന്റിനെ എതിര്‍ത്തു.ജനുവരി ആറിന് നടന്ന ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡൊണാള്‍ഡ് ട്രംപ് തന്റെ സത്യപ്രതിജ്ഞ ലംഘിച്ചുവെന്ന് ഡെമോക്രാറ്റുകള്‍ വാദിച്ചു.അധികാരം നിലനിര്‍ത്താനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി യു.എസ് പാര്‍ലമെന്ററി മന്ദിരമായ ക്യാപിറ്റോള്‍ അക്രമിക്കാന്‍ ട്രംപ് തന്റെ അനുയായികളെ പ്രേരിപ്പിച്ചുവെന്നും ഡെമോക്രാറ്റുകള്‍ പറഞ്ഞു.എന്നാല്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്മാരും ട്രംപ് കുറ്റക്കാരനല്ല എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
ജനുവരി 20ന് അധികാരമൊഴിഞ്ഞതിന് ശേഷം തന്റെ ഫ്ളോറിഡ ക്ലബ്ബില്‍ തുടരുന്ന ട്രംപ് വിധിയെ സ്വാഗതം ചെയ്തു. വിധിക്ക് പിന്നാലെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് എന്ന സൂചനയാണ് ട്രംപ് നല്‍കിയത്. അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ചരിത്രപരവും, ദേശസ്നേഹപരവുമായ ദൗത്യം വീണ്ടും ആരംഭിക്കുകയാണ് എന്ന് ട്രംപ് പ്രതികരിച്ചു.
ജനുവരി 13നാണ് ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള യു.എസ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്യുന്നത്. ഇതിന് പിന്നാലെ തുടര്‍ നടപടികള്‍ സെനറ്റിന് വിടുകയായിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുള്ള സെനറ്റില്‍ വിധി നടപ്പിലാകില്ലെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു.ഇംപീച്ച്മെന്റ് നടപടികള്‍ക്കായി അവസാന നിമിഷമാണ് ട്രംപ് പുതിയ അഭിഭാഷകരെ വെക്കുന്നത്. പഴയ അഭിഭാഷകര്‍ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പുറത്ത് പോയതിന് പിന്നാലെയായിരുന്നു കേസില്‍ പുതിയ അഭിഭാഷകരെത്തിയത്.