
രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
ഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ധൈര്യമുണ്ടെങ്കിൽ ഗുജറാത്തിലെ തേയില വ്യാപാരികളിൽ നിന്നും പണം എടുത്തു നോക്കൂവെന്ന് സ്മൃതി പറഞ്ഞു.
ഗുജറാത്തിലെ തേയില വ്യാപാരികളിൽ നിന്നുള്ള പണം അസമിലെ തൊഴിലാളികൾക്ക് നൽകുമെന്ന് സംസ്ഥാന സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇതിനോടായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.
രാഹുൽ ഗാന്ധിയ്ക്ക് ധൈര്യമുണ്ടെങ്കിൽ ഗുജറാത്തിലെ ചെറുകിട തേയില വ്യാപാരികളുടെ പോക്കറ്റിൽ നിന്നും പണം എടുത്ത് നോക്കൂവെന്നും , സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കൂവെന്നും സ്മൃതി പറഞ്ഞു.
ഗുജറാത്തിനെക്കുറിച്ച് ഒരുപാട് മുൻവിധികളാണ് രാഹുൽ ഗാന്ധിയ്ക്കുള്ളത്. ഇത് ഗുജറാത്തിലെ ജനങ്ങൾക്ക് പുതുമയുള്ളതല്ല. സർദാർ വല്ലഭായ് പട്ടേലിനോടുള്ള ആദര സൂചകമായി ഏകതാ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ രാഹുൽ രംഗത്ത് വന്നപ്പോൾ ഇക്കാര്യം വ്യക്തമായെന്നും സ്മൃതി ചൂണ്ടിക്കാട്ടി.