
ബാങ്ക് സ്വകാര്യവൽക്കരണം സമ്പദ്ഘടനാ സ്ഥിരതയെ തകർക്കും
സമ്പദ്ഘടനയുടെ സ്ഥിരതയേയും ദിശയേയും സമ്പാദ്യമിച്ചത്തിൻ്റെ സുരക്ഷിതത്വത്തേയും വിനിയോഗത്തേയും പൊതുമേഖല ബാങ്ക് സ്വകാര്യവൽക്കരണം പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ.കെ എൻ ഹരിലാൽ പറഞ്ഞു. പൊതുമേഖലാ സ്വകാര്യവൽക്കരണ നയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം റിസർവ്വ് ബാങ്കിനു മുമ്പിൽ നടന്ന സംസ്ഥാനതല ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ്, ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി വി ജെ ജോസഫ്, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, എ ഐ ടി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ പ്രസംഗിച്ചു. യുഎഫ്ബിയു സംസ്ഥാന കൺവീനർ സി ഡി ജോസൺ അധ്യക്ഷത വഹിച്ചു.
സംഘടനാ നേതാക്കളായ കെ എസ് കൃഷ്ണ ( എഐബിഇഎ), ശ്രീനാഥ് ഇന്ദുചൂഢൻ (എ ഐ ബി ഒ സി ), എസ്.അഖിൽ (എൻസിബിഇ), എച്ച്.വിനോദ് കുമാർ (എ ഐ ബി ഒ എ ), എസ് അനന്തകൃഷ്ണൻ (ബി ഇ എഫ് ഐ), ആർ. പി.കൃഷ്ണകുമാർ (ഐ എൻ ബി ഒ സി ) സംസാരിച്ചു. യുഎഫ് ബി യു ജില്ലാ കൺവീനർ വി ജെ വൈശാഖ് സ്വാഗതവും ഷാഫി എം നന്ദിയും പറഞ്ഞു.
ബാങ്കിംഗ് മേഖലയിലെ മുഴുവൻ ജീവനക്കാരും ഓഫീസർമാരും ഉൾപ്പെടുന്ന ബാങ്ക് യൂണിയനുകളുടെ ഐക്യവേദി മാർച്ച് 15, 16 ന് നടത്തുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് മുന്നോടിയായി ഭാരതത്തിലെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഇന്ന് ധർണകൾ നടന്നു. ഇന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും നടന്നു