
‘പാലക്കാടിന്റെ സുസ്ഥിരവികസനം എങ്ങനെ നടപ്പിലാക്കാം’- ഉപന്യാസരചന വിജയികളെ തിരഞ്ഞെടുത്തു
പാലക്കാട് :സംസ്ഥാന സര്‍ക്കാരിന്റെ സുസ്ഥിര വികസന ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികളെ തിരഞ്ഞെടുത്തു. ‘പാലക്കാടിന്റെ സുസ്ഥിരവികസനം എങ്ങനെ നടപ്പിലാക്കാം’ എന്ന വിഷയത്തില്‍ നടത്തിയ ഉപന്യാസ മത്സരത്തില്‍ നെന്മാറ എന്‍.എസ്.എസ് കോളേജിലെ ഒന്നാം വര്‍ഷ ബി.എ വിദ്യാര്‍ഥി എന്‍.അനുരാഗ് ഒന്നാം സ്ഥാനത്തിന് അര്‍ഹനായി.
പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി ശ്രീജിത്ത് ഉണ്ണി രണ്ടാംസ്ഥാനവും മണ്ണാര്‍ക്കാട് കല്ലടി എം.ഇ.എസ് കോളേജിലെ ഒന്നാം വര്‍ഷ ബി.എ അറബിക് ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസ് വിദ്യാര്‍ഥി ഷഹീര്‍ പുളിക്കല്‍ മൂന്നാംസ്ഥാനവും നേടി. മത്സരത്തില്‍ ഒന്നാംസ്ഥാനം 10,000 രൂപയും രണ്ടാംസ്ഥാനം 7,500 രൂപയും മൂന്നാംസ്ഥാനത്തിന് 5,000 രൂപയുമാണ് ക്യാഷ് പ്രൈസ് നല്‍കുന്നത്. മലയാള മനോരമ സീനിയര്‍ സബ് എഡിറ്ററും പ്രസ് ക്ലബ് സെക്രട്ടറിയുമായ ഷജില്കുമാറാണ് വിധിനിര്‍ണയം നടത്തിയത്.
ജില്ലയുടെ സുസ്ഥിര വികസനത്തിനുതകുന്ന നിരവധി മാര്‍ഗനിര്‍ദേശങ്ങളാണ് വിദ്യാര്‍ഥികള്‍ ഉപന്യാസ രചനയില്‍ മുന്നോട്ടുവെച്ചത്. ജില്ലയുടെ പ്രകൃതി സമ്പത്തിനെ പരിരക്ഷുള്ള വികസനം, കാര്‍ഷികമേഖലയെ സംരക്ഷിച്ചും വ്യവസായത്തെ പ്രോത്സാഹിപ്പിച്ചും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയുള്ള വികസന കാഴ്ചപ്പാടാണ് വിദ്യാര്‍ഥികള്‍ ആവിഷ്കരിച്ചത്.