
‘പടവുകള്‍’ ഉന്നത വിദ്യാഭ്യാസ സഹായ പദ്ധതി: അപേക്ഷകള്‍ അംഗീകരിച്ചു
പാലക്കാട് :പ്രൊഫഷണല്‍ കോഴ്സ് ചെയ്യുന്ന വിധവകളുടെ മക്കള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള വനിതാ ശിശു വികസന വകുപ്പിന്റെ ‘പടവുകള്‍’ ഉന്നതവിദ്യാഭ്യാസ സഹായ പദ്ധതിയില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷ യായുള്ള ജില്ലാ കമ്മിറ്റി ഏഴ് അപേക്ഷകള്‍ അംഗീകരിച്ചു. ജില്ലയില്‍ ആകെ 10 അപേക്ഷകളാണ് ലഭിച്ചത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പ്രൊഫഷണല്‍ കോഴ്സുകള്‍ ചെയ്യുന്നതും സര്‍ക്കാര്‍- സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നതും കുട്ടികളുടെ ട്യൂഷന് ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ് എന്നിവയാണ് ധനസഹായമായി അനുവദിക്കുക. കൂടാതെ സെമസ്റ്റര്‍ ഫീസ് ആണെങ്കില്‍ വര്‍ഷത്തില്‍ രണ്ടു തവണയും വാര്‍ഷിക ഫീസ് ആണെങ്കില്‍ ഒറ്റത്തവണയും ധനസഹായം ലഭിക്കും.
കുടുംബത്തിന്റെ വാര്‍ഷികവരുമാനം മൂന്നു ലക്ഷത്തില്‍ കവിയാത്തവര്‍ക്കാണ് തുക അനുവദിക്കുന്നത്. ജില്ലയില്‍ അംഗീകരിച്ച അപേക്ഷകള്‍ സംസ്ഥാന സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.മീര അറിയിച്ചു.