
കോട്ടയം ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്തുകള്‍ പൂര്‍ത്തിയായി
കോട്ടയം :മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ ബഹു. മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിവന്ന സാന്ത്വന സ്പര്‍ശം അദാലത്തുകള്‍ പൂര്‍ത്തിയായി.അവസാന അദാലത്ത് ഇന്ന് വൈക്കം നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തില്‍ നടന്നു. ബഹു. മന്ത്രിമാരായ പി. തിലോത്തമന്, ഡോ. കെ.ടി. ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈക്കം താലൂക്കിലെ പരാതികളാണ് പരിഗണിച്ചത്.
ജില്ലയിലെ അഞ്ചു താലൂക്കുകളിലെ അദാലത്തുകളില്‍ അപേക്ഷ നല്കിയ 2685 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായമായി ആകെ 3,05,36,000 രൂപ അനുവദിച്ചു. വൈക്കം താലൂക്കില്‍നിന്ന് ലഭിച്ച 842 അപേക്ഷകളില്‍ 86,61,000 രൂപയാണ് അനുവദിച്ചത്.
ജില്ലയിലെ എല്ലാ താലൂക്കുകളിലുമായി റേഷന്‍ കാര്‍ഡിനുവേണ്ടി 500 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 341 പേര്‍ക്ക് കാര്‍ഡ് നല്കി. വൈക്കം താലൂക്കില്‍ അപേക്ഷ നല്കിയ 103 പേരില്‍ 88 പേര്‍ക്ക് റേഷന്‍ കാര്‍ഡ് നല്കി.മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട 6287 അപേക്ഷകളാണ് ജില്ലയിലെ അഞ്ച് താലൂക്കുകളില്‍നിന്നായി സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 5182 എണ്ണത്തില്‍ തീര്‍പ്പു കല്പ്പിച്ചു. ശേഷിക്കുന്നവയില്‍ ഉടന്‍ പരിഹാരം കാണുമെന്ന് ബഹു. മന്ത്രിമാര്‍ അറിയിച്ചു.