
ജോസ് കെ.മാണി വിഡ്ഡിയായ പുത്രനെന്നള്ള കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ്
പാലാ: ജോസ് കെ.മാണി വിഡ്ഡിയായ പുത്രനെന്നള്ള കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് പ്രമേയം. ബൈബിൾ വാചകങ്ങൾ ഉപയോഗിച്ചാണ് ഭരണങ്ങാനം ഓശാന മൗണ്ടിൽ നടക്കുന്ന യൂത്ത് കോൺഗ്രസ്സ് ജില്ലാ പഠനക്യാമ്പ് ‘ യുവഭേരി ‘ ജോസ് കെ മാണിക്കെതിരേ രൂക്ഷ വിമർശനവുമായി പ്രമേയം പാസാക്കിയത്.
പാലാ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മാണി സി.കാപ്പൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ബൈബിളിലെ സുഭാഷിതങ്ങൾ 17 ആം വാക്യത്തിലൂടെയാണ് യൂത്ത് കോൺഗ്രസ് പഠനക്യാമ്പിന്റെ പ്രമേയം ആരംഭിക്കുന്നത് തന്നെ. ‘വിഡ്ഢിയായ പുത്രൻ പിതാവിന്റെ ദു:ഖമാണ് ‘ എന്നായിരുന്നു പ്രമേയത്തിന്റെ തലക്കെട്ട്.
സ്വന്തം പിതാവിനെ വളഞ്ഞിട്ടാക്രമിച്ച് അവഹേളിച്ചവർക്കൊപ്പം നിൽക്കുന്ന ഒറ്റുകാരൻ ആണ് ജോസ് കെ മാണി എന്ന രാഷ്ട്രീയ യൂദാസ്. ജോസ് കെ മാണിയുടെ നിക്ഷേപം അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ ആണ്.
അത് സംരക്ഷിക്കുവാനും വളർത്തുവാനും നിലനിർത്തുവാനും അവിശുദ്ധമായ രാഷ്ട്രീയ സഖ്യങ്ങൾ രൂപീകരിക്കുന്ന, സ്വന്തം പിതാവിന്റെ, വളർത്തി വലുതാക്കിയ രാഷ്ട്രീയ മുന്നണിയുടെ പാരമ്പര്യത്തെയും രാഷ്ട്രീയത്തെയും ഒറ്റുകൊടുത്തവൻ ഒറ്റുകാരൻ ആണെന്ന് ജനസമക്ഷം വിളിച്ചു പറയുവാനുള്ള ആർജ്ജവം യൂത്ത് കോൺഗ്രസിന് ഉണ്ടാവണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.