
രാമവര്‍മ്മപുരം ഡയറ്റ് ക്യാംപസില്‍ ഉയരും സെമിനാര്‍ ഹാളും ലൈബ്രറി സമുച്ചയവും
രാമവര്‍മ്മപുരം ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) ക്യാമ്പസില്‍ പ്രൊഫ ജോസഫ് മുണ്ടശ്ശേരിയുടെ നാമധേയത്തില്‍ നിര്‍മ്മിക്കുന്ന സെമിനാര്‍ ഹാളിന്റെയും ലൈബ്രറി സമുച്ചയത്തിന്റെയും നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
അന്താരാഷ്ട്ര നിലവാരമുള്ള ലൈബ്രറി ഡയറ്റിന്റെ മുഖ്യ ആകര്‍ഷണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള പരിശീലനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും പ്രൊഫ ജോസഫ് മുണ്ടശ്ശേരിയുടെ പേരില്‍ ജില്ലയില്‍ നിര്‍മ്മിക്കുന്ന പുതിയ സെമിനാര്‍ ഹാളും ഡിജിറ്റല്‍ ലൈബ്രറിയും ഏറെ പ്രയോജനപ്രദമാകും. പൊതു വിദ്യാഭ്യാസം ശാക്തീകരിക്കുന്നതിന് തുടക്കമിട്ട മുണ്ടശ്ശേരി മാഷിന്റെ പേരിലുള്ള കെട്ടിട സമുച്ചയ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധ്യാപക പരിശീലന രംഗത്ത് നൂതന ആശയങ്ങളും ഗവേഷണം പ്രവര്‍ത്തനങ്ങളും സഫലമാക്കുന്ന ഡയറ്റിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ജില്ലയെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥിന്റെ ദീര്‍ഘവീക്ഷണത്തിനാണ് ഇപ്പോള്‍ പ്രായോഗിക രൂപം കൈവന്നത്. 2019 – 20 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 4.5 കോടി രൂപയും 2021- 22 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 5 കോടി രൂപയും ചെലവഴിച്ചാണ് ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 20 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. നൂറു വര്‍ഷം മുമ്പ് ബേസിക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടായി പ്രവര്‍ത്തനം തുടങ്ങിയ തൃശൂര്‍ ഡയറ്റ് ഏറ്റവും മികച്ച അധ്യാപക പരിശീലന കേന്ദ്രമാണ്. നിര്‍മാണ പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചാല്‍ തൃശൂര്‍ നിയോജകമണ്ഡലത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനവും കൂടാതെ തൃശൂര്‍ ജില്ലക്കാരന് കൂടിയായ പ്രൊഫ മുണ്ടശ്ശേരിക്കുള്ള ഉചിതമായ സ്മാരകവുമായി ഇത് മാറും. ചടങ്ങില്‍ ശിലാഫലക അനാച്ഛാദനം കൃഷി വകുപ്പ് മന്ത്രി നിര്‍വഹിച്ചു.