
കുട്ടികളെ ഉപയോഗിച്ച് ലഹരി വില്‍പ്പന: കേസെടുക്കാന്‍ ഇനി എക്സൈസിനും അധികാരം
തിരുവനന്തപുരം: കുട്ടികളെ ഉപയോഗിച്ച് ലഹരിപദാര്‍ഥങ്ങള്‍ വില്‍ക്കുന്നതും കൈവശം വയ്ക്കുന്നതും സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ ചുമത്തി കേസെടുക്കാനുള്ള അധികാരം ഇനി എക്സൈസ് വകുപ്പിനും. ഇതു സംബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനാണ് ഉത്തരവു പുറപ്പെടുവിച്ചത്. കമ്മിഷന് ചെയര്മാന് കെ. വി മനോജ്കുമാര്‍, കെ. നസീര്‍, റെനി ആന്റണി, സി. വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ ബഞ്ചിന്റേതാണ് ഉത്തരവ്.
വൈദ്യപരിശീലനം ലഭിച്ച വ്യക്തിയുടെ ഉത്തരവില്ലാതെ ലഹരി പദാര്‍ഥങ്ങളോ മയക്കുമരുന്നോ കൈവശം വയ്ക്കുകയോ വില്ക്കുകയോ എത്തിക്കുകയോ ഇതിനായി കുട്ടികളെ ഉപയോഗിക്കുകയോ ചെയ്താല്‍ ഏഴു വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ബാലനീതി നിയമം 77, 78 വകുപ്പുകള്‍ പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് നിലവില്‍ കേസെടുക്കാന്‍ പൊലിസിന് മാത്രമാണ് അധികാരമുള്ളത്. എക്സൈസ് വിഭാഗത്തിനുകൂടി അധികാരം നല്കിയാല് നിയമത്തിന്റെ നടത്തിപ്പ് കൂടുതല്‍ സുഗമമാകുമെന്ന് നിരവധി കൂടിയാലോചനായോഗങ്ങളിലും മറ്റും അഭിപ്രായം ഉയര്‍ന്നിരുന്നു.