
ഉത്തരഖണ്ഡിലെ മിന്നൽപ്രളയത്തിൽ കാണാതായ 136 പേരും മരണമടഞ്ഞതായി പ്രഖ്യാപിക്കും
ന്യൂഡൽഹി: ഉത്തരഖണ്ഡിലെ മിന്നൽപ്രളയത്തിൽ കാണാതായ 136 പേരും മരണമടഞ്ഞതായി പ്രഖ്യാപിക്കും. ദുരന്തം സംഭവിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഇവരെക്കുറിച്ച് ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണു മരണം സ്ഥിരീകരിച്ചത് . കഴിഞ്ഞദിവസങ്ങളിൽ നടത്തിയ തെരച്ചിലിൽ അറുപതു മൃതദേഹങ്ങളാണു കണ്ടെടുത്തത്.
കഴിഞ്ഞ ഏഴിനാണ് നന്ദാദേവിയിലെ മഞ്ഞുമല ഇടിഞ്ഞതിനെത്തുടർന്ന് ഋഷിഗംഗ, ധൗലിഗംഗ, അളകനന്ദ നദികളിൽ മിന്നൽപ്രളയമുണ്ടാകുകയും ചമോലി ജില്ലയിൽ വൻ നാശമുണ്ടാകുകയും ചെയ്തത്.
പ്രളയത്തിൽ 13.2 മെഗാവാട്ടിന്റെ ഋഷിഗംഗാ വൈദ്യുത പദ്ധതി പൂർണമായും തകർന്നു. തപോവൻ- വിഷ്ണുഗഡ് വൈദ്യുത നിലയത്തിന് സാരമായ തകരാറുണ്ടായി. പ്രളയമുണ്ടായി ഒരു മണിക്കൂറിനുള്ള രക്ഷാ പ്രവർത്തനം തുടങ്ങിയിരുന്നു.