
പി. എസ്. സി. സമരം ഒത്തുതീർക്കാൻ സർക്കാർ
വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ കണക്കാക്കി നിയമനം നടത്താവുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ പട്ടിക ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് നല്കി. സമരം തുടരുന്ന കായികതാരങ്ങളുടെ നിയമനത്തില്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കും.
ദേശീയ ഗെയിംസ് താരങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന സമരം നിര്‍ത്തിവച്ചു.
താരങ്ങളുടെ നിയമനം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് തീരുമാനം.
ഉദ്യോഗസ്ഥ ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങള്‍ ബുധനാഴ്ച മന്ത്രിസഭായോഗം പരിഗണിച്ചേക്കും. ഉടന്‍ തീരുമാനമെന്ന് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സിനെയും കായികതാരങ്ങളെയും സര്‍ക്കാര്‍ അറിയിച്ചു. കായികതാരങ്ങള്‍ തല്‍ക്കാലത്തേക്ക് സമരം നിര്‍ത്തി.
നടുറോഡില്‍ കിടന്നും തല കുത്തി മറിഞ്ഞും ദേശീയ ഗെയിംസിലെ മെഡല്‍ ജേതാക്കള്‍ നടത്തിയ സമരം ഒടുവില്‍ സര്‍ക്കാര്‍ കണ്ടു. ബുധനാഴ്ച തീരുമാനമെന്നാണ് കായികമന്ത്രി ഇ.പി. ജയരാജന് ഇന്ന് നല്കിയ ഉറപ്പ്. ഇതോടെ അവര്‍ തല്കാലത്തേക്ക് സമരം നിര്‍ത്തുകയായിരുന്നു.
28 ദിവസത്തെ സഹനസമരത്തിനൊടുവില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയതിനു പിന്നാലെയാണ് എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതീക്ഷ നല്കുന്ന നീക്കങ്ങള്‍. ഉദ്യോഗസ്ഥ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഫയലായി ഉടന്‍ ഇറങ്ങുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
ഉദ്യോഗാര്‍ത്ഥികളുന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ ഉറപ്പ് രേഖാമൂലം നല്‍കാനാണ് ഉദ്യോഗസ്ഥ തലത്തില്‍ തിരക്കിട്ട നടപടികള്‍ നടക്കുന്നത്. വിവിധ വകുപ്പുകളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഒഴിവുകള്‍ വകുപ്പു മേധാവികള്‍ ഇതിനോടകം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ 31നുള്ളില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ മുന്‍കൂട്ടി കണ്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആഗസറ്റ് വരെ എല്‍ജിഎസ് റാങ്ക് ലിസ്റ്റിന് കാലാവധിയുമുണ്ട്. വാച്ച് മാന്മാരുടെ സമയക്രമം ഉദ്യോഗസ്ഥ ഭരണപരിഷ്കര വകുപ്പ് പരിശോധിക്കും. ഈ സമയം പുനക്രമീകരിച്ച് പുതിയ തസ്തികകള്‍ സൃഷിടിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. വകുപ്പ് മേധാവികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകള്‍ ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തില്‍ അറിയിക്കും. ഇതില്‍ തീരുമാനം വരുന്നതോടെ സമരം തീരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ഔദ്യോഗിക അറിയിപ്പ് കാക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.
അതേസമയം ഫയലുകളിലെ പുരോഗതി അറിയാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിനെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നടപടികള്‍ പുരോഗമിക്കുന്നു എന്ന മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്.
ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന ഉറപ്പില്‍ കായികതാരങ്ങള്‍ തത്കാലം കടുത്ത സമരരീതികളില്‍ നിന്ന് മാറി നില്‍ക്കുകയാണ്. അനുകൂല തീരുമാനം വന്നാല്‍ സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
ശമ്ബളവും അംഗീകാരവും ലഭിക്കാത്ത അദ്ധ്യാപകരുടെ റിലേ നിരാഹാരം 22 ദിവസമായിട്ടും അനുകൂല നടപടിയായിട്ടില്ല.
അതേ സമയം സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.